
കെ.എം മാണി ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്
കോട്ടയം : വളരും തോറും പിളർന്ന കേരള കോൺഗ്രസുകൾക്ക് നിലനിൽപ്പിനായുള്ള പോരാട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ മൂന്ന് മുന്നണികളിലുമായി പത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ജില്ലയിൽ മത്സരിച്ചത്. നാലുപേർ വിജയിച്ചു. അഞ്ച് വർഷം കഴിയുമ്പോൾ ജില്ലയിൽ ബാക്കിയുള്ളത് രണ്ട് കേരള കോൺഗ്രസ് എം.എൽ.എമാർ. രണ്ടുപേരും രണ്ട് മുന്നണിയിൽ. ഇത്തവണ ഏതൊക്കെ കേരള കോണ്‍ഗ്രസുകാർ മത്സരിക്കും, ആരൊക്കെ വിജയിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. പിളർപ്പിന് ശേഷം ജോസ് -ജോസഫ് വിഭാഗങ്ങൾക്ക് ശക്തി തെളിയിക്കാനുള്ള വേദി കൂടിയാണിത്. അതിനാൽ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് നേതാക്കൾ.
കഴിഞ്ഞ തവണ ആറിൽ നാല്
കഴിഞ്ഞ തവണ കടുത്തുരുത്തിയിൽ മോൻസ് ജോസഫും, പാലായിൽ കെ.എം.മാണിയും, കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജും, ചങ്ങനാശേരിയിൽ സി.എഫ്. തോമസും വിജയിച്ചു. ഏറ്റുമാനൂരിലും പൂഞ്ഞാറിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. കടുത്തുരുത്തിയിൽ എൽ.ഡി.എഫിൽ നിന്ന് സ്‌കറിയ തോമസ് വിഭാഗവും എൻ.ഡി.എയിൽ നിന്ന് പി.സി. തോമസ് വിഭാഗവുമാണ് മത്സരിച്ചത്. പൂഞ്ഞാറിലും ചങ്ങനാശേരിയിലും എൽ.ഡി.എഫിനായി ജനാധിപത്യ കേരള കോൺഗ്രസാണ് മത്സരിച്ചത്. ഇവരെല്ലാം പരാജയപ്പെട്ടു.
സ്ഥാനാർത്ഥിയാര്, ചർച്ചകൾ സജീവം
കഴിഞ്ഞ തവണ ആറുസീറ്റിൽ സംയുക്ത കേരള കോൺഗ്രസുകൾ മത്സരിച്ചതിൽ ഒന്നൊഴികെ എല്ലാവരും പഴയ മാണി വിഭാഗം പ്രതിനിധികളായിരുന്നു. യു.ഡി.എഫിൽ നിൽക്കുന്ന ജോസഫ് വിഭാഗം അഞ്ചു സീറ്റുകൾ വരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരമാവധി രണ്ട് അല്ലെങ്കിൽ മൂന്നിലൊതുങ്ങും. ജനാധിപത്യ കേരള കോൺഗ്രസ് പിളർന്ന് ദുർബലമായതോടെ ജില്ലയിൽ സീറ്റൊന്നും നൽകാൻ ഇടതുമുന്നണി തയാറാകില്ല. പി.സി. തോമസിന്റെ കേരളാ കോൺഗ്രസിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. ഇടവേളയ്ക്കു ശേഷം എൻ.ഡി.എയിൽ സജീവമായ പി.സി. തോമസിനെ പാലായിലോ കടുത്തുരുത്തിയിലോ മത്സരിപ്പിച്ചേക്കുമെന്ന സൂചനയുണ്ട്.
സൗഹൃദ മത്സരത്തിന് കടുത്തുരുത്തി
സൗഹൃദ മത്സരത്തിന് പേര് കേട്ട കടുത്തുരുത്തിയിൽ മൂന്ന് വിഭാഗം കേരള കോൺഗ്രസുകളും നേർക്കുനേർ പോരാടുമെന്ന് ഉറപ്പാണ്. യു.ഡി.എഫിൽ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. എൻ.ഡി.എയിൽ നിന്ന് പി.സി തോമസിനാണ് സാധ്യത. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിനാണ് സീറ്റ്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു എന്നിവരാണ് പരിഗണനയിൽ. അപ്രീതക്ഷിത സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മത്സരിക്കാനും സാദ്ധ്യതയേറെയാണ്.