തലനാട്: വിനോദ സഞ്ചാരികൾക്ക് സ്വാഗതം; ഇത് 'തലനാടിൻ തനിമ ' സഹായ കേന്ദ്രം. കോട്ടയം ജില്ലയിലെ കിഴക്കൻ മലയോരത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല് ഉൾപ്പെടെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കും പ്രവേശിക്കുന്ന ടൂറിസ്റ്റുകൾക്ക് സഹായവുമായി തലനാട് ഗ്രാമപ്പഞ്ചായത്ത്.

ടൂറിസ്റ്റുകൾക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സഹായമൊരുക്കുന്നതിനും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി 'തലനാടിൻ തനിമ ' എന്ന പേരിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ ആരംഭിക്കുമെന്ന് തലനാട് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരനും വൈസ് പ്രസിഡന്റ് സോളി ഷാജി തലനാടും പറഞ്ഞു. ഇല്ലിക്കൽ കല്ലിനു പുറമെ അയ്യമ്പാറ പ്രകൃതി രമണീയമായ മലയോരമാണ്. ഇതോടൊപ്പം അടുക്കം, മേലടുക്കം, ചോനമല തുടങ്ങിയ മലനിരകളിലും സാഹസിക വിനോദ സഞ്ചാരങ്ങൾക്ക് സൗകര്യങ്ങളുണ്ട്.
'തലനാടിൻ തനിമ ' ടൂറിസം ഇൻഫർമേഷൻ സെന്ററിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇത്തവണത്തെ ബഡ്ജറ്റിൽ മൂന്നുലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ടെന്നും ഇതു വിപുലമാക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായം തേടുമെന്നും രജനി സുധാകരനും സോളി ഷാജി തലനാടും പറഞ്ഞു. തലനാട് പഞ്ചായത്തിലൂടെ ഇല്ലിക്കൽകല്ലിലേയ്ക്ക് കൂടി പോകുന്ന തീക്കോയി അടുക്കം റോഡ് പുനരുദ്ധാരണത്തിനായി മാണി സി.കാപ്പൻ എം. എൽ.എ മുഖാന്തിരം 4.45 കോടി രൂപാ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കി.

ബഡ്ജറ്റിൽ 2 ലക്ഷം

ഭൗമ സൂചിക പദവിലേക്ക് എത്തുന്ന തലനാടൻ ഗ്രാമ്പുവിന്റെയും പരമ്പരാഗത ഏലക്കായുടെയും സംരക്ഷണത്തിന് ബഡ്ജറ്റിൽ 2 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതി പ്രകാരം എല്ലാ വിഭാഗങ്ങളിലുമായി വീട് നിർമ്മാണത്തിന് 32 ലക്ഷം രൂപയും
പാലിയേറ്റീവ് കെയർ പദ്ധതിക്കായി 4 ലക്ഷം രൂപയും കുട്ടികൾക്കുള്ള പോഷകാഹാര വിതരണത്തിനായി 3.5 ലക്ഷം രൂപയും പഞ്ചായത്ത് വഴികളുടെ അറ്റകുറ്റപ്പണികൾക്കായി 476600 രൂപയും വൈസ് പ്രസിഡന്റ് സോളി ഷാജി തലനാട് അവതരിപ്പിച്ച ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.