വോട്ടു ദിനത്തിൽ ഉപവാസിക്കാൻ പാലാ പൗരസമിതി

പാലാ: കളരിയാമ്മക്കൽ പാലം കൊണ്ട് ഇനി യാത്രക്കാർക്ക് എന്ന് ഉപകരമുണ്ടാകും? പാലത്തിന്റെ കാര്യത്തിൽ നാട്ടുകാർ ഇപ്പോൾ രണ്ടും കൽപിച്ചാണ്.കളരിയാമ്മാക്കൽ പാലത്തിന്റെയും റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കാതെ നാട്ടുകാരെ കബളിപ്പിക്കുന്ന അധികൃതർക്കെതിരെ പ്രതിഷേധവുമായി പാലാ പൗരസമിതിയുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ രംഗത്തെത്തിയിരിക്കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ വോട്ട് ദിനത്തിൽ ഉപവാസം അനുഷ്ഠിക്കാനാണ് തീരുമാനം. 2015ലാണ് പാലത്തിന്റെയും ചെക്ക് ഡാമിന്റെയും നിർമ്മാണം പൂർത്തിയായത്. തുടർന്ന് പാലത്തിലേക്ക് പ്രവേശിക്കാനുള്ള അപ്രോച്ച് റോഡ് നിർമ്മാണം തടസപ്പെട്ടതോടെയാണ് പാലം കൊണ്ട് നാട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ലാതായത്.കോടികൾ മുടക്കി നിർമ്മിച്ച പാലത്തിലേയ്ക്ക് നാട്ടുകാർക്ക് കാൽനടയായി പോലും സഞ്ചരിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പാലാ നഗരസഭയെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലവും റോഡും പാലാ ടൗൺ റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ചെത്തിമറ്റത്ത് പാലാ നഗരസഭാതിർത്തിക്കുള്ളിലുള്ള ഭാഗത്ത് നിലവിൽ റോഡുണ്ടങ്കിലും അപ്രോച്ച് റോഡായി നിർമ്മാണം പൂർത്തീകരിക്കണം. മറുകരയിൽ മീനച്ചിൽ പഞ്ചായത്തിൽ പാലത്തെ ബന്ധിപ്പിച്ച് റോഡിന് സ്ഥലം ഏറ്റെടുക്കൽ ഇനിയും പൂർത്തിയായിട്ടില്ല. വസ്തുവിന്റെ വില നൽകി സർക്കാർ ഏറ്റെടുത്ത ശേഷമേ വഴി വെട്ടാവൂ എന്ന ആവശ്യവുമായി ഉടമ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആവശ്യം അംഗീകരിച്ച് വിധിയും വന്നു. പിന്നീട് നാല് വർഷത്തോളമായിട്ടും റോഡ് നിർമ്മാണം എങ്ങുമെത്തിയില്ല. നാട്ടുകാർ എം.എൽ.എയ്ക്കും വകുപ്പ് മന്ത്രിക്കും സംസ്ഥാന നേതാക്കൾക്കും നിവേദനം നൽകിയതോടെ 13.5 കോടി രൂപാ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും ഒന്നുമുണ്ടായില്ല. ഒരു വർഷം കഴിഞ്ഞിട്ടും എല്ലാം പഴയപടി തന്നെ.

5.61 കോടി

പാലത്തിന്റെയും ചെക്ക് ഡാമിന്റയും നിർമ്മാണത്തിനായി 5.61 കോടി രൂപയാണ് അനുവദിച്ചത്. ജലസേചന വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. 7.5 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലുമാണ് പാലം പണി തീർത്തിരിക്കുന്നത്.പാലായിൽ പുതിയതായി നിർമ്മിക്കുന്ന റിംങ് റോഡിൽ ഉൾപ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നത്. സ്ഥലം അളന്നു തിരിച്ചതല്ലാതെ മറ്റു നടപടികൾ ഉണ്ടായിട്ടില്ല. പാലത്തിനൊപ്പം അപ്രോച്ച് റോഡിന്റെ നിർമ്മാണം കൂടി നടത്തിയാലേ പദ്ധതി പ്രയോജനപ്രദമാവൂവെന്ന്

പാലാ പൗരസമിതി ഭാരവാഹികളായ എൻ.ജെ. സജീവ്,പി. പോത്തൻ,ജോയി ചാലിൽ എന്നിവർ പറഞ്ഞു.