kappa

പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പാലായിലെ യു.ഡി.എഫ് പ്രവർത്തകരിൽ ആവേശം നിറച്ച് മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വിവിധ കേന്ദ്രങ്ങളിൽ മാണി.സി കാപ്പന്റെ ചുവരെഴുത്തുകൾ ആരംഭിച്ചു. ജനസമക്ഷം വിനീതനായ് എന്ന തലക്കെട്ടോടു കൂടിയ ബോർഡുകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലായുടെ വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ ഉയർത്തി. 'ചങ്കാണ് പാലാ' എന്ന കാപ്പന്റെ പഞ്ച് ഡയലോഗും ബോർഡുകളിൽ ചേർത്തിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ ആദ്യഘട്ടം ചേർന്നു കഴിഞ്ഞു.

യു.ഡി.എഫ് യുവജനസംഘടനകൾ അവരുടെ സ്വന്തംനിലയ്ക്ക് തന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തുടക്കമായി. മണ്ഡലത്തിലെ സ്വഭാവിക വികസന പ്രവർത്തനങ്ങൾപോലും രാഷ്ട്രീയ ലക്ഷ്യത്തിനായി തടസപ്പെടുത്തിയത് ജനത്തിനു മുന്നിൽ തുറന്നുകാട്ടിയുള്ള പ്രചാരണവും നടത്തും. കാലാവധി പൂർത്തിയാക്കാതെ ലോക്‌സഭ, രാജ്യസഭ സ്ഥാനങ്ങൾ ഒഴിഞ്ഞു മണ്ഡലത്തെ അനാഥമാക്കിയത് പ്രചരണായുധമാക്കും.