കട്ടപ്പന: നഗരസഭാദ്ധ്യക്ഷയുടെ ഭരണ പരിചയക്കുറവ് കട്ടപ്പന നഗരസഭയുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കുന്നതായി ആക്ഷേപം. കൗൺസിൽ യോഗ വിവരം പോലും യഥാസമയം കൗൺസിലർമാരെ അറിയിക്കാതെ വന്നതോടെ ഭരണകക്ഷിയിൽപ്പെട്ടവർ പോലും പ്രതിഷേധത്തിലാണ്. ഇതിന് പുറമേ നഗരസഭയുടെ പല പരിപാടികളും കൃത്യമായി സംഘടിപ്പിക്കുന്നതിൽ തുടർച്ചയായി വീഴ്ചയുണ്ടായി. കൗൺസിൽ യോഗത്തെക്കുറിച്ച് അംഗങ്ങളെ രേഖാമൂലം നാല് പ്രവൃത്തിദിവസം മുമ്പ് അറിയിക്കണമെന്നാണ് നിയമം. ഇതിൽ വീഴ്ചയുണ്ടായതോടെ ആഴ്ചകൾക്ക് മുമ്പ് കൗൺസിൽ യോഗം അംഗങ്ങൾ ബഹിഷ്‌കരിച്ചിരുന്നു. ഐ ഗ്രൂപ്പിൽ നിന്നുള്ള നഗരസഭാദ്ധ്യക്ഷയ്‌ക്കെതിരെ എ വിഭാഗത്തിലെ കൗൺസിലർമാർ പോലും രംഗത്തെത്തിയതോടെയാണ് നഗരസഭയിൽ ഭരണ പ്രതിസന്ധി രൂക്ഷമായതായി ആക്ഷേപമുയർന്നത്.
ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ടുമായി ചേർന്ന് കട്ടപ്പന നഗരസഭ നടത്താൻ തീരുമാനിച്ച ബോധവത്കരണ ക്ലാസും കൗൺസിലർമാർ ബഹിഷ്‌കരിച്ചതോടെ മാറ്റിവച്ചിരുന്നു. അംഗൻവാടികളുടെ പ്രവർത്തനത്തെക്കുറിച്ച് കൗൺസിലർമാരെ ബോധവത്കരിക്കുന്നതിനാണ് പരിപാടി നിശ്ചയിച്ചത്. കഴിഞ്ഞ 17ന് പരിപാടി നടത്താൻ തീരുമാനിച്ചെങ്കിലും കൗൺസിലർമാരെ അറിയിച്ചില്ല. അന്നേദിവസം നടന്ന കൗൺസിൽ യോഗത്തിനെത്തിയപ്പോഴാണ് കൗൺസിലർമാർ ഇതേക്കുറിച്ച് അറിയുന്നത്. മുൻകൂട്ടി അറിയിക്കാത്തതിൽ പ്രതിഷേധിച്ച് ഭൂരിഭാഗം പേരും വിട്ടുനിന്നതോടെ മാറ്റിവച്ച പരിപാടി വെള്ളിയാഴ്ചയാണ് നടത്തിയത്. ജീവനക്കാർ തോന്നുംപടി ആഫീസിൽ എത്തുന്നത് സംബന്ധിച്ച് ബഡ്ജറ്റ് സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. സെക്രട്ടറി അടക്കമുള്ളവരെ പേരെടുത്ത് പറഞ്ഞാണ് കോൺഗ്രസ് കൗൺസിലമാർ അടക്കം വിമർശിച്ചത്. തുടർന്ന് ബയേമെട്രിക് പഞ്ചിംഗ് മെഷീൻ സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാരൻ ഗേറ്റ് പൂട്ടി പോയതോടെ ജീവനക്കാർ പൂട്ട് പൊളിച്ചാണ് നഗരസഭയുടെ വാഹനം പുറത്തെത്തിച്ചത്. നഗരസഭ കാര്യാലയത്തിന്റെയും ബസ് സ്റ്റാൻഡിന്റെയും സുരക്ഷ ചുമതലയുള്ള ജീവനക്കാരനാണ് 'പണി' കൊടുത്തത്. കഴിഞ്ഞദിവസം അമ്പലക്കവലയിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിലേക്ക് പോകാനായി മറ്റുള്ള ജീവനക്കാർ രാവിലെ ആഫീസിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ പല തവണ വിളിച്ചെങ്കിലും ഫോൺ എടുക്കാതെ വന്നതോടെ പൂട്ട് പൊട്ടിച്ചാണ് വാഹനം പുറത്തെത്തിച്ചത്. ജീവനക്കാർ എത്താൻ വൈകിയതോടെ മെഡിക്കൽ ക്യാമ്പ് കൃത്യസമയത്ത് നടത്താൻ കഴിഞ്ഞില്ല.
കൂടാതെ സാമ്പത്തിക വർഷാവസനത്തോടനുബന്ധിച്ച ജോലികൾ പുരോഗമിക്കുന്നതിനിടെ ജീവനക്കാരെ പുനഃക്രമീകരിക്കാൻ നഗരസഭാദ്ധ്യക്ഷ ഉത്തരവിറക്കിയതും വിവാദമായിരുന്നു. ഉപാദ്ധ്യക്ഷനും വിവിധ ഭരണകക്ഷി അംഗങ്ങളും പ്രതിഷേധം അറിയിച്ചതോടെ ഉത്തരവ് പിൻവലിച്ച് തലയൂരി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്റെ മേൽനോട്ടത്തിൽ നടത്തേണ്ട ഭിന്നശേഷിക്കാരുടെ വാർഡ് സഭ, നഗരസഭാദ്ധ്യക്ഷ നേരിട്ട് നടത്തിയതും ഭിന്നത മറനീക്കിയിരുന്നു.