re

പണ്ട് ഈ കാണുന്ന മലയും കാടുമെല്ലാം ഭരിച്ചിരുന്ന രാജവംശമുണ്ടായിരുന്നു.ചരിത്ര ഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്താതിരുന്നൊരു വംശം. ഈ കാണുന്ന പതിനെട്ട് മലകളുടെയും ഉടയോൻ. ദാ ആ കാണുന്ന കരിമല കേന്ദ്രമാക്കി പമ്പാതീരത്ത് ഉയിർകൊണ്ട വലിയ സംസ്‌കാരത്തെ നീണ്ട നാൾ ഭരിച്ചിരുന്ന ഞങ്ങളുടെ കരിമല അരയൻ. ഈ ലോകത്തിന്റെ നിലനിൽപ്പിന് തന്നെ കാരണമായ വലിയ രഹസ്യം സൂക്ഷിക്കുന്ന ജനതയുടെ നേതാവ്.

ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന ജേർണലിസ്റ്റ് മിഥുനിലൂടെ വായനക്കാരെ മറ്റൊരു വിസ്‌മയലോകത്തേക്ക് കൊണ്ടുപോകുകയാണ് 'കാന്തമല ചരിതം, അഖിനാതെന്റെ നിധി" എന്ന പുസ്‌തകം.

എന്തായിരുന്നു ആ രഹസ്യം?​ ആ രഹസ്യവും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈജിപ്‌തിലെ ഭരിച്ചിരുന്ന അഖിനാതെൻ എന്ന ഫറോവോയും കാന്തമലയും തമ്മിലുള്ള ബന്ധമെന്ത്?​ വിഷ്‌ണു എം.സി. എഴുതിയ 'കാന്തമല ചരിതം പറയുന്നത്" ഈ കഥകളാണ്. ഈജിപ്‌തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ഈ പുസ്‌തകം ഒറ്റ ഇരിപ്പിൽ വായിച്ചുതീർക്കാം. മലയാളത്തിലെ ലക്ഷണമൊത്തൊരു ആക്ഷൻ അഡ്വഞ്ചർ നോവലെന്ന് കാന്തമല ചരിതത്തെ വിശേഷിപ്പിക്കാം. ഓരോ പേജ് തീരുമ്പോഴും അടുത്തതെന്ത് എന്നറിയാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന എഴുത്താണ് വിഷ്‌ണുവിന്റേത്. അധികം വായനാശീലമില്ലാത്തവർക്ക് പോലും കണ്ണുമടച്ച് റെക്കമെന്റ് ചെയ്യാവുന്ന പുസ്‌തകം. ലോഗോസ് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ വില ₹ 230