
തിരുവനന്തപുരം: അനുദിനം പെട്രോൾ- ഡീസൽ വില കുതുച്ചുയരുന്നതിനിടെ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു. കഴിഞ്ഞ വർഷം മാത്രം 1321 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2019ൽ ഇത് 468 മാത്രമായിരുന്നു. ജനങ്ങളെക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് സർക്കാർ ഇ- നയം കൊണ്ടുവന്നതു തന്നെ. ഇക്കഴിഞ്ഞ ബഡ്‌ജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക് 50 ശതമാനം നികുതി ഇളവാണ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പ്രഖ്യാപിച്ചത്.
2022ഓടെ സംസ്ഥാനത്ത് 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങൾ, ആയിരം ചരക്കുവാഹനങ്ങൾ, 50,000 ത്രീ വീലറുകൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ തുടങ്ങിയവയായിരിക്കും വൈദ്യുത ശ്രേണിയിൽ പുറത്തിറക്കുക. ഇതോടെ, പൊതുഗതാഗത രംഗത്ത് 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള നഗരമായി തലസ്ഥാന നഗരത്തെ മാറ്റും. സംസ്‌ഥാനത്ത് വൈദ്യുത വാഹന മേഖലകൾ (ഇ.വി സോണുകൾ) സ്ഥാപിക്കുന്നതും പരിഗണനയിലാണ്.
കെ.എസ്.ഇ.ബിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ നോഡൽ ഏജൻസി. ഇലക്ട്രിക് വാഹന രജിസ്ട്രേഷനിൽ വർദ്ധന ഉണ്ടായെങ്കിലും അതിന് ആനുപാതികമായ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനായിട്ടില്ല. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് കെ.എസ്.ഇ.ബിക്ക് ഇതുവരെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനായത്. അടിയന്തരമായി 56 സ്റ്റേഷനുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. 40 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ ഉടൻ ക്ഷണിക്കുകയും ചെയ്യും. ചാർജ് ചെയ്യുന്നതിന് യൂണിറ്റൊന്നിന് 13 രൂപയാണ് കെ.എസ്.ഇ.ബി ഈടാക്കുന്നത്.
ചാർജ് ചെയ്യാൻ അനെർട്ടും
സർക്കാർ ഏജൻസിയായ അനെർട്ടും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്. നിലവിൽ തിരുവനന്തപുരത്ത് മൂന്നും എറണാകുളത്ത് ഒരു സ്റ്റേഷനും അനെർട്ട് സ്ഥാപിച്ചിട്ടുണ്ട്. 13 സ്റ്റേഷനുകൾ കൂടി ഉടൻ സ്ഥാപിക്കും. അനെർട്ടാണ് സർക്കാർ വകുപ്പുകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ നൽകുന്നത്. മാർച്ച് മാസത്തോടെ 300 ഇലക്ട്രിക് വാഹനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾക്ക് നൽകാനാണ് അനെർട്ട് തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നതോടെ ഇത് ആയിരമായി ഉയർത്താമെന്ന പ്രതീക്ഷയിലാണ് അവർ.എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ (ഇ.ഇ.എസ്.എൽ) പദ്ധതിയിലൂടെയാകും അനെർട്ട് ഇ വാഹനങ്ങൾ വാങ്ങുക. തുടർന്ന് സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകും. ഓരോ വാഹനങ്ങൾക്കും വാടക വ്യത്യസ്തമായിരിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും ഇൻഷ്വറൻസ് അടക്കമുള്ള ചെലവുകളും അനെർട്ടായിരിക്കും വഹിക്കുക. 14 ജില്ലകളിലായി 117 താലൂക്കുകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനായുള്ള സാദ്ധ്യതാപഠനം അനെർട്ട് നടത്തിവരികയാണ്. മോട്ടോർ വാഹന വകുപ്പിന് അടുത്തിടെ ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ നൽകിയിരുന്നു.
മൂന്ന് ഘട്ടങ്ങൾ
പൈലറ്റ്, കവറേജ്, സ്‌കെയിലിംഗ് എന്നീ മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായ പൈലറ്റിലുൾപ്പെടുത്തിയാണ് ആറ് ജില്ലകളിൽ 12 കോടി ചെലവിട്ട് കെ.എസ്.ഇ.ബി ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചത്. കവറേജ് ഘട്ടത്തിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം സ്‌റ്റേഷനുകൾ ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്‌റ്റേഷനുകൾ നിർമ്മിക്കുന്നതാണ് സ്‌കെയിലിംഗ് ഘട്ടം. ദേശീയപാതയിൽ 25 കിലോമീറ്റർ ഇടവിട്ടും നഗരങ്ങളിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലും ചാർജിംഗ് സ്‌റ്റേഷനുകൾ സ്ഥാപിക്കും.