
വിജയിച്ചവരെ കൊണ്ടാടുവാനാണ് ചരിത്രത്തിനു താല്പര്യം. എന്നാൽ അപരസ്‌നേഹത്താൽ തുടിക്കുന്ന കവിഹൃദയം പരാജിതരിൽ പതിഞ്ഞുപോവുക സ്വാഭാവികം. ജീവിതാനുഭവങ്ങളുടെ ആകെ തുക നോക്കിയാൽ, ദുഃഖാനുഭവങ്ങൾക്കാണ് മുൻതൂക്കമെന്നുകാണാം. മനുഷ്യനാഗരികതകളുടെ പടയോട്ടങ്ങളിൽ ചവിട്ടിമെതിക്കപ്പെട്ടവർ ഏറെയാണ്. അടിച്ചമർത്തപ്പെട്ടവരുടെ രോദനങ്ങൾ, ഏതൊരു സംസ്‌കാരത്തിന്റെയും പിന്നാമ്പുറങ്ങളിൽ നിന്നുയരുന്നുണ്ട്. ചരിത്രരേഖകളിൽ തെളിയാത്ത ഈ നിലവിളികളുടെ രേഖപ്പെടുത്തലുകളാണ് പുതുകവികളിൽ ശ്രദ്ധേയനായ അടുതല ജയപ്രകാശിന്റെ 54 കവിതകളടങ്ങിയ പുതിയ സമാഹാരം 'ഐച്‌ഛികം". നിരന്തരമായ എഴുത്തിലൂടെ ഈ പത്താമത്തെ പുസ്തകത്തിലെത്തിയപ്പോൾ അടുതലയുടെ കാവ്യസാധന, കൂടുതൽ പക്വവും ഹൃദയഹാരിയും ആവുന്നതു കാണാം. സ്വന്തം ആവാസവ്യവസ്ഥയിൽ നിന്ന് ആട്ടിപായിക്കപ്പെട്ട ആദിവാസിയും തൊഴിലില്ലാതെ അലയുന്ന വിദ്യാസമ്പന്നനും, കശ്‌മല കാമുകന്മാരാൽ കശക്കി എറിയപ്പെടുന്ന കൗമാര മഴവില്ലുകളും അന്യർക്ക് അഭയമരുളുമ്പൊഴും, സ്വയം അഭയമില്ലാതെ വെന്തെരിയുന്ന മരങ്ങളും പരാജിതരുടെ പട്ടികയിലുണ്ട്.
കൗമാര വിസ്യങ്ങളെ കശ്‌മലകാമുകന്മാർ പിച്ചിച്ചീന്തുന്ന കഥകൾ നാം നിത്യേനകേൾക്കുന്നു. കാരണങ്ങൾ ചികയുന്ന കവി സ്‌നേഹനിരാസത്തിന്റെയും ഒറ്റപ്പെടലിന്റെയും നീറ്റലിൽ നിന്നു രക്ഷപ്പെടാനുള്ള പെൺകുട്ടികളുടെ വിഫലശ്രമങ്ങളിലാണ് എത്തുന്നത്. ('ചതിസ്‌നാപ്പ'). സാമൂഹ്യ മനഃശാസ്ത്രജ്ഞന്റെ സൂക്ഷ്‌മതയോടുള്ള കവിയുടെ നിരീക്ഷണം, ഇളംതലമുറയെ സംരക്ഷിക്കേണ്ടുന്നതിൽ കുടുംബവും സമൂഹവും കാട്ടേണ്ട ജാഗ്രതയെ ഓർമ്മിപ്പിക്കുക കൂടിയാണ്.
തറയിൽ തൊടാതെ ബൈക്ക് പറത്തി കൗമാരക്കാർ മരണം വരിക്കുന്ന കാഴ്ച എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. എന്നാൽ പതിനെട്ടു തികയും മുമ്പ് മകന് 'യമധർമ്മരഥം"" വാങ്ങി നൽകുന്ന രക്ഷിതാക്കളും ഉത്തരവാദികളാണെന്ന് 'ബൈക്ക്' എന്ന ചെറുകവിത ധ്വനിപ്പിക്കുന്നു. കൃതഹസ്തരായ എഴുത്തുകാർ തഴയപ്പെടുമ്പോൾ ഇന്നലെ വന്ന തുടക്കക്കാർ അരങ്ങുവാഴുന്ന ദൃശ്യം അസ്വസ്ഥതയുണ്ടാക്കുന്നു. ചരിത്രം വാഴ്‌ത്തുന്ന നാഗരികതകൾ, എത്രയെത്ര നിരപരാധികളെ നിസ്വരാക്കി, ചതച്ചരച്ചു? പാതകൾ, നഗരങ്ങൾ, ഖനികൾ എല്ലാത്തിനും മണ്ണിന്റെ മക്കൾ കുടിയൊഴിക്കപ്പെട്ടു. തെണ്ടികളായി, അഭയാർത്ഥികളായി, മാവോയിസ്ററുകളായി മണ്ണിന്റെ മക്കൾ ധൃതരാഷ്‌ട്രാലിംഗനത്തിനും ബൂട്ടിന്റെ കാട്ടാളത്തിനും ഇരയാക്കപ്പെടുന്നു. ഒരിറ്റു സമാധാനത്തിന്റെ മരത്തണൽ പോലും അവർക്ക് ദുരാഗ്രഹം മാത്രം. (നിരന്തരം), സർവസഹനങ്ങളും ഏറ്റെടുത്ത് മരമായി മാറുന്ന നരൻ (മര നരൻ) മനസിനെ മഥിക്കുന്ന ദൃശ്യമാണ്. അനാവശ്യമായ അവാർഡുകൾ മുതൽ ആർക്കോ വേണ്ടി ആചരിക്കപ്പെടുന്ന ബന്ദുകളും ഹർത്താലുകളും വരെ വിമർശിക്കപ്പെടുന്നുണ്ട്.
'തോറ്റുവീണവന്റെ ചോര
കറുപ്പിൻ കറ ചാലിച്ചു
വെറുപ്പിൻ ചിത്രരചന
നറുനന്മക്കൊടികളിൽ..."" (കറുപ്പ്)
എന്നിങ്ങനെ കുറിച്ചിടുമ്പോൾ തോൽക്കുന്നവന്റെ തോറ്റം പാട്ടുകളാണ് തന്റെ കവിതകളെന്ന് ഈ 'ഐച്ഛികം' ത്തിൽ കവി പ്രഖ്യാപിക്കുകയാണ്. ഉപമാനം പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌തകത്തിന്റെ വില ₹100