
മധുരപ്രിയരെ തേടി ഇതാ ഒരു സന്തോഷവാർത്ത. സൗജന്യമായി നിങ്ങൾക്കിഷ്ടമുള്ളത്രയും മിഠായി കിട്ടിയാലോ? മിഠായി കിട്ടുമെന്ന് മാത്രമല്ല, അത് രുചിച്ച് നോക്കി അഭിപ്രായം രേഖപ്പെടുത്തുന്നതിന് മാസശമ്പളവും തന്നാലോ? കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, സംഗതി സത്യമാണ്.
കാന്റിഹൗസ് എന്ന കനേഡിയൻ കമ്പനിയാണ് വ്യത്യസ്തമായ ഈ ജോലി വാഗ്ദാനം ചെയ്യുന്നത്. 'കാന്റിയോളജിസ്റ്റ്' എന്ന തസ്തികയിലേക്കാണ് അവർ അനുയോജ്യനായൊരു അപേക്ഷകനെ തിരയുന്നത്. കമ്പനിയുടെ മിഠായികളും ചോക്ലേറ്റുകളും രുചിച്ച് മധുരത്തിന്റെ നിലവാരം ഉറപ്പുവരുത്തുക എന്നതാണ് ജോലി. കമ്പനിയുടെ മൂവായിരത്തോളം മധുര ഉത്പന്നങ്ങളുടെ നിലവാരമാണ് പരിശോധിക്കേണ്ടത്. എട്ട് മണിക്കൂറാണ് ജോലി സമയം. മണിക്കൂറിന് നാൽപത്തിയേഴ് ഡോളറാണ് ശമ്പളം. മധുരത്തോടുള്ള താത്പര്യവും ഫുഡ് അലർജി ഇല്ലെന്ന സർട്ടിഫിക്കറ്റും മാത്രമാണ് ഈ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
ഏതായാലും കമ്പനി നൽകിയ ഈ പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്രയും ആനന്ദകരമായ മറ്റൊരു ജോലിയില്ലെന്നാണ് പല ആളുകളുടെയും അഭിപ്രായം. എന്നാൽ, അമിതമായി മധുരം കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നവരും നിരവധിയാണ്.