yesudas

ആരാണ് മഹാകവി? വളളത്തോൾ നാരായണമേനോൻ. മഹാനടനോ? കാട്ടാശ്ശേരി അഗസ്റ്റിൻ ജോസഫ് ഭാഗവതർ. ഭാഗവതർ മൺമറഞ്ഞിട്ട് ഈ ഫെബ്രുവരി മൂന്നിന് 56 വർഷം. വള്ളത്തോൾ നാരായണമേനോൻ വിവർത്തനം ചെയ്ത ഋഗ്വേദ പരിഭാഷാ പുസ്തകം എട്ടണ വിലയ്ക്ക് കവി തന്നെ കൊണ്ടുനടന്ന് വില്പന നടത്തിയിരുന്ന കാലം. കവി ആലപ്പുഴ നഗരത്തിലെത്തിയപ്പോൾ കൂടെ കൂടിയത് യുവാവായ എം.കെ. സാനുമാസ്റ്റർ. പട്ടണത്തിൽ പലപ്രമുഖരേയും കണ്ട് പുസ്തകം കൊടുത്തു വിലവാങ്ങി നടക്കുമ്പോൾ, പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി ഹാളിന്റെ ഉടമ വീരയ്യാ റെഡ്യാരേയും കണ്ടു. സ്വയം പരിചയപ്പെടുത്തിയശേഷം, എട്ടണ വില തന്ന് ഈ പുസ്തകം വാങ്ങി അങ്ങ് വായിക്കണമെന്ന് പറഞ്ഞപ്പോൾ

'ഒന്നുകിൽ ഞാൻ നഷ്ടപ്പെടാം. അല്ലെങ്കിൽ കഷ്ടപ്പെടാം. ഇതു രണ്ടും
കൂടി എനിക്കു സാദ്ധ്യമല്ല''.
റെഡ്യാരുടെ മറുപടികേട്ട് രണ്ടുംപേരും പൊട്ടിച്ചിരിച്ചു.
'അങ്ങനെയാണെങ്കിൽ എട്ടണ തന്ന് അങ്ങ് പുസ്തകം വാങ്ങിയാൽ മാത്രം
മതി. വായിച്ച് കഷ്ടപ്പെടണമെന്നില്ല.'

മഹാകവിയുടെ മറുപടി കൂട്ടച്ചിരിയിൽ കലാശിച്ചു.

അന്നു വൈകിട്ട് കിടങ്ങാംപറമ്പ് വാണിവിലാസം ഓലക്കൊട്ടകയിൽ കുമാരനാശാന്റെ 'കരുണ'' നാടകമുണ്ടെന്നറിഞ്ഞ് മഹാകവി ആലപ്പുഴയിൽ തങ്ങി. എന്നാൽ നാടകം നടക്കുമെന്ന് സംഘാടകർക്ക് യാതൊരുറപ്പും ഉണ്ടായിരുന്നില്ല. കാരണം നാടകത്തിൽ ഉപഗുപ്തന്റെ വേഷം കെട്ടിയിരുന്ന ആലപ്പുഴക്കാരൻ സെബാസ്റ്റ്യൻ കുഞ്ഞൂഞ്ഞ് ഭാഗവതർ കടുത്ത പനി മൂലം കിടപ്പിലായി. പകരം ആ വേഷം കെട്ടാൻ മറ്റൊരാളേയുളളൂ. അത് കൊച്ചീക്കാരൻ കാട്ടാശ്ശേരി അഗസ്റ്റിൻ ജോസഫ് ഭാഗവതർ. അദ്ദേഹത്തിന് ഉപഗുപ്തന്റെ ഭാഗം മുഴുവൻ കാണാപ്പാഠം. രോഗശയ്യയിൽക്കിടന്നു കൊണ്ടാണെങ്കിലും കുഞ്ഞൂഞ്ഞു ഭാഗവതർ തന്റെ ആത്മമിത്രത്തിനൊരു കത്തെഴുതി. ഒരു ശിങ്കിടിയെ ചട്ടംകെട്ടി അതിരാവിലെ കൊച്ചിക്കു പറഞ്ഞയച്ചു. കൊച്ചിയിലെത്തി ഭാഗവതരെ കണ്ടുകിട്ടിയാൽ നാടകം പൊടിപൊടിക്കും. ഇല്ലെങ്കിലോ നാട്ടുകാർ കൊട്ടക തല്ലിപ്പൊളിക്കും. സൂര്യൻ
പടിഞ്ഞാറു ചാഞ്ഞതോടെ ദൂരെദിക്കിൽ നിന്നു പോലും നാടകപ്രേമികൾ
അണമുറിയാതെ വന്നുകൊണ്ടിരുന്നു. അവർ ആവർത്തിച്ചു കാണാറുളള നാടകമാണ് 'കരുണ''. വൈകിട്ട് അഞ്ചുമണി കഴിഞ്ഞപ്പോൾ തുമ്പോളി ക്കാരൻ ശിങ്കിടിയോടൊപ്പം അഗസ്റ്റിൻ ജോസഫ് ഭാഗവതർ ആലപ്പുഴ ബോട്ട് ജെട്ടിയിൽ വന്നിറങ്ങി. പതിവുളള ഒരു ചായകുടിക്കാനായി രണ്ടുപേരും തൊട്ടടുത്തുളള കൃഷ്ണഭവൻ ഹോട്ടലിലേയ്ക്ക് കയറിച്ചെന്നതും കടയുടമപോറ്റിയുടെ അലസമായ കുശലാന്വേഷണം

'സലാം ഭാഗവതരേ ഇന്നെവിടാ കളി?'
ഭാഗവതർ ഗൗരവം വിടാതെ മറുപടി പറഞ്ഞു.
'തിരുമേനീ! ഇത് കളിയല്ല.. . . കാര്യമാണ്''
എന്നു പറഞ്ഞാൽ ഈ അഭിനയിച്ചു കിട്ടുന്ന കാശുകൊണ്ടു ചെന്നിട്ടു വേണം എന്റെ കുഞ്ഞുങ്ങളുടെ വിശപ്പുമാറ്റാൻ.

അങ്ങുദൂരെ ജോസഫ് ഭാഗവതരുടെ തലവെട്ടം കണ്ടതോടെ സംഘാടകർക്കും, നടീനടൻമാർക്കും ഊരു നേരേവീണു. കൃത്യം ആറരയ്ക്കുതന്നെ നാടകമാരംഭിച്ചു. വാസവദത്തയായി വേഷംകെട്ടി രംഗം
പിടിച്ചടക്കിയിരിക്കുന്നത് ഓച്ചിറ വേലുക്കുട്ടി ഭാഗവതർ. ആളുകൾ ആ കഥാപാത്രത്തെ കൺകുളിർക്കെ കണ്ടിരിക്കെ ബുദ്ധമന്ത്രധ്വനികളോടെ തേജസ്വരൂപനായ ഉപഗുപ്തൻ പ്രത്യക്ഷപ്പെട്ടതും മുൻനിരയിലിരുന്ന മഹാകവി വളളത്തോൾ വേദിയിലേക്ക് കടന്നുചെന്ന്, തന്റെ കൈവിരലിൽക്കിടന്ന ഒരു പവന്റെ സ്വർണമോതിരം ഊരി ഉപഗുപ്തന്റെ മോതിര വിരലിലണിയിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ ഉപഗുപ്തൻ തന്റെ കൈവിരൽ നീട്ടിക്കൊടുത്തില്ല. പകരം തന്റെ വലതു കയ്യിലെ ഓട് (ഭിക്ഷാപാത്രം) നീട്ടിക്കൊടുത്തു. മോതിരം വിരലിലണിഞ്ഞാൽ ഉപഗുപ്തനെന്ന സങ്കല്പം തകർന്നു പോകും. ആശാന്റെ കഥാപാത്രങ്ങൾ കാവ്യപുസ്തകത്തിൽ മാത്രമല്ല, അരങ്ങിലും അനശ്വരരാണെന്ന്
വള്ളത്തോളിനു ബോദ്ധ്യമായി.

ഒരു ജന്മം മുഴുവൻ കലയ്ക്കുവേണ്ടി സമർപ്പണം ചെയ്തിട്ടും അഗസ്റ്റിൻ ജോസഫ് എന്ന മഹാനടന്റെ ജീവിത പുസ്തകത്താളിൽ എഴുതിചേർത്തത് ദുരിതപർവം. എന്നിട്ടും സ്വന്തം മകന്റെ കൈയും പിടിച്ച് അതേ മാർഗത്തിലൂടെത്തന്നെ അദ്ദേഹം മുന്നോട്ടു പോയി. ചെന്നെത്തിയത് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ. അവിടുത്തെ സീനിയർ വിദ്യാർത്ഥി തണ്ണീർമുക്കം പുത്തനങ്ങാടിക്കാരൻ ചന്ദ്രോത്ഭവനെ ഭാഗവതർക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. പിരിയാൻ നേരം ഭാഗവതർ തന്റെ മകന്റെ കൈപിടിച്ച് ചന്ദ്രോത്ഭവനെ ഏല്പിച്ചു കൊണ്ടു പറഞ്ഞു

'ചന്ദ്രോത്ഭവാ എന്റെ മകനെ നോക്കിക്കൊള്ളണേ' ; അവർ ഒന്നിച്ചായിരുന്നു പിന്നെ ഊണും, ഉറക്കവും. അവർ അങ്ങനെ അണ്ണനും, തമ്പിയുമായി. ചന്ദ്രോത്ഭവൻ സാർ പണ്ടേ ധനാഢ്യനാണ്. കോളേജിനടുത്തൊരു കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു അദ്ദേഹത്തിന്റെ താമസവും, സംഗീത പഠനവും. പതിറ്റാണ്ടുകൾക്കു ശേഷം ചന്ദ്രോത്ഭവൻ സാർ എന്നെത്തേടി ഒരിക്കൽ വീട്ടിലെത്തി. അദ്ദേഹത്തിന്റെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ഞാൻ ചെന്ന് ഒരു പ്രഭാഷണം ചെയ്തു കൊടുക്കണം. അങ്ങനെ ഞാനും അദ്ദേഹത്തിന്റെ പരിചയക്കാരനായി. വളരെപ്പണ്ട് അതേ കുടുംബക്ഷേത്രത്തിൽ ചന്ദ്രോത്ഭവൻ സാറിന്റെ പാട്ടു കച്ചേരി. അന്ന് പതിനാറു വയസുണ്ടായിരുന്ന യേശുദാസ് അദ്ദേഹത്തോടു ചോദിച്ചു :

"അണ്ണാ അണ്ണന്റെ കച്ചേരിക്കിടയിൽ ഞാനും വന്നൊരു കീർത്തനം
പാടിക്കോട്ടേ?"
"അവന്റെ ആഗ്രഹമല്ലേ, ഞാൻ സമ്മതിച്ചു''. ഞാൻ ചോദിച്ചു
"എന്നിട്ടെങ്ങനെ ഉണ്ടായിരുന്നു അന്നത്തെ പാട്ട്?"
"എന്റെ രമണാ അവൻ പാടിക്കഴിഞ്ഞ് നാട്ടുകാരെന്നെക്കൊണ്ട് പിന്നെ
പാടിച്ചതേയില്ല."
ഈ സംഗീതവിസ്മയത്തെ പരിചയപ്പെടാൻ ഞാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. പരിചയപ്പെട്ടതു കൊണ്ടെന്തുകാര്യം. പരിചയം അവിസ്മരണീയമാകണം. ഒരിക്കലദ്ദേഹം ഒരു സ്വകാര്യ സംരംഭത്തിൽ പങ്കെടുക്കാനെത്തു എന്നറിഞ്ഞ് ഞാൻ ചന്ദ്രോത്ഭവൻ സാറിനെ വിളിച്ചറിയിച്ചു. അദ്ദേഹം വീട്ടിൽ വന്ന് എന്നെയും കൂട്ടി ഗാനഗന്ധർവൻ വന്നെത്തിയ കെട്ടിടത്തിന്റെ താഴത്തെ മുറിയിൽ ചെന്ന്, അവിടെ കണ്ട സെറ്റിയിൽ ഇരുന്നു കൊണ്ടെന്നോടു പറഞ്ഞു

"രമണാ നീ ചെന്നവനോടു പറ ഞാനിവിടെ വന്നിരിപ്പുണ്ടെന്ന് "

ഞാൻ ചെന്നറിയിച്ചതും ഗാനഗന്ധർവ്വൻ വേഗം താഴെ വന്ന്, ചന്ദ്രോ
ത്ഭവൻ സാറിന്റെ മുന്നിൽ കൈകെട്ടി മിണ്ടാതെ നിന്നു. തുടർന്ന്
സാറിന്റെ വക ശകാരം.
"എന്തേ ഇവിടെ വരുന്ന കാര്യം എന്നെ വിളിച്ചു പറയാതിരുന്ന
ത്?. . . "

രമണൻ പറഞ്ഞാണ് ഞാനറിഞ്ഞത്.
എന്നിട്ടും ഈ രമണൻ ആരാണെന്നദ്ദേഹം ചോദിച്ചില്ല. തൊട്ടടുത്ത
നാളിൽ ചന്ദ്രോത്ഭവൻ സാർ മുഹമ്മ കല്ലാപ്പുറത്തുളള ശിവഗിരി മഠത്തിന്റെ ഉപമഠമായ വിശ്വഗാജിമഠത്തിലെ അസ്പർശാനന്ദ സ്വാമിയോടൊപ്പം എന്റെ വീട്ടിൽ വീണ്ടും വന്നു. അവിടെ അദ്ദേഹം ലക്ഷങ്ങൾ ചെലവഴിച്ച് ഒരു കെട്ടിടം പണി കഴിപ്പിച്ചു നല്കി. അതിന്റെ ഉദ്‌ഘാടനത്തിന് യേശുദാസ് വരും. ചന്ദ്രോത്ഭവൻ സാർ പറഞ്ഞു.
"രമണാ നീ വന്ന് യേശുദാസിന് സ്വാഗതം പറയണം. സ്വാഗതം ഒറ്റവാക്കിലൊതുക്കണം. അവന്റെ സ്വഭാവം നിനക്കറിയാമല്ലോ? ;"
കൃത്യസമയത്തു തന്നെ ഗാനഗന്ധർവൻ വന്നെത്തി. വമ്പിച്ച പുരുഷാരം.
എന്നെ സ്വാഗതമാശംസിക്കാൻ ക്ഷണിച്ചു. എന്റെ മനസ് ശൂന്യമായി
രുന്നു. ആകെയുണ്ടായിരുന്ന പിടിവളളി ഗുരുവായൂരപ്പനുമായുള്ള ഓൺലൈൻ ബന്ധം മാത്രം. ഞാൻ പ്രസംഗം തുടങ്ങി ഈ മഹത്തായ ചടങ്ങിൽ രാജ്യത്ത് കിട്ടാവുന്നതിൽ വച്ചേറ്റവും ഉന്നതനായ ഉത്ഘാടകനെയാണ് ഇന്ന് നമുക്ക് കിട്ടിയിരിക്കുന്ന
ത്, അതിനുകാരണക്കാരൻ ചന്ദ്രോത്ഭൻ സാറാണ്.'' ജനം
പൊരിഞ്ഞ കയ്യടി. ഞാൻ ഗാനഗന്ധർവനെ ഒന്ന് നോക്കി. ആ മുഖത്ത്
നിറഞ്ഞ സംതൃപ്തി. പ്രസംഗം അരമണിക്കൂർ നീണ്ടു. ഒറ്റവാക്കിലൊതുക്കണമെന്നു പറഞ്ഞ ചന്ദ്രോത്ഭവൻ സാർ അക്കാര്യം മറന്നു. ഒടുവിലൊരു വാക്കുകൂടിപ്പറഞ്ഞു ഞാൻ നിറുത്തി. ഇന്ത്യയിൽ രണ്ടേ രണ്ടു ഗായകരെ മാത്രമേ ഞാൻ അംഗീകരിക്കൂ. ഒന്ന് ജനാബ് മുഹമ്മദ് റഫി സാഹിബ്ബ്, രണ്ട് അദ്ദേഹത്തിന്റെ അനുജൻ ഡോ.കെ.ജെ.യേശുദാസ്. ജനം മഴ പെയ്യും പോലെ കയ്യടിച്ചതോടെ എന്റെ ഊഴം കഴിഞ്ഞു. ഞാൻ സ്ഥലം വിട്ടു. പക്ഷേ സംഘാടകരായ യുവാക്കൾ എന്റെ പിന്നാലെ ഓടി വന്നു പറഞ്ഞു.

"അണ്ണാ ദാസേട്ടൻ അണ്ണനെക്കാണാൻ റോഡരികിൽ കാത്തു നില്ക്കുന്നു."
ഞാൻ ഓടിക്കിതച്ചെത്തുമ്പോൾ ആരാധകരുടെ നടുവിൽ നിന്നദ്ദേഹം എന്റെ നേർക്കു കൈനീട്ടി വിളിച്ചു. "രമണാ..."

എല്ലാം കണ്ടും, കേട്ടും കൂടെയുണ്ടായിരുന്ന ഗാനഗന്ധർവന്റെ ആത്മ സുഹൃത്ത് ഡോ.ചേർത്തല ഗോവിന്ദൻകുട്ടി സർ പിറ്റേ ആഴ്ച വിജയ് യേശുദാസിനു ക്ലാസെടുക്കാൻ ചെന്നൈയിലെ വസതിയിലേക്കു കയറിച്ചെന്നപ്പോൾ ഗാനഗന്ധർവൻ ആദ്യം ചോദിച്ച ചോദ്യം

'എങ്കിലും എന്റെ ഗോവിന്ദൻ കുട്ടി ആ മനുഷ്യനു ഇതെല്ലാം ഓർത്തു വച്ചെങ്ങനെ പ്രസംഗിക്കാൻ കഴിയുന്നൂ ;' ശരിയാണ് കാവ്യം പോലെ, ഗാനം പോലെ, പ്രഭാഷണവും ഒരു നല്ല കലയാണ്.

ലേഖകന്റെ ഫോൺ - 9495269297