
മഞ്ഞുമലകളും മഞ്ഞുശില്പങ്ങളും ഹോട്ടലുകളുമെല്ലാം വിവിധ മാദ്ധ്യമങ്ങളിലൂടെ നമുക്ക് പരിചിതമാണ്. എന്നാൽ, മഞ്ഞുകാലത്ത് ചൈനയിൽ മാത്രം നടത്തിവരുന്ന ഒരാഘോഷമുണ്ട്. സ്നോ ഫെസ്റ്റിവൽ. കൊവിഡ് സാഹചര്യത്തിലും മഞ്ഞുത്സവത്തിന് തിരിതെളിഞ്ഞിരിക്കുകയാണ്. 37ാമത് 'ഹാർബിൻ സ്നോ ആന്റ് ഐസ് ഫെസ്റ്റിവലി'ന്റെ ആഘോഷാരവങ്ങളിലാണ് ചൈനയിലിപ്പോൾ. വടക്കു-കിഴക്കൻ ഹീലോംഗ്ജിയാംഗ് പ്രവിശ്യയിലെ ഹാർബിൻ നഗരത്തിലാണ് മഞ്ഞുത്സവം നടക്കുന്നത്. 1985 മുതൽ ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന ഈ ഉത്സവം കാണാൻ ലോകമെമ്പാടുമുള്ള സഞ്ചാരികൾ ചൈനയിലെത്താറുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ചൈന വിജയിച്ചതിന്റെ അടയാളമായാണ് ഇത്തവണ ആഘോഷങ്ങളെ വിലയിരുത്തുന്നത്.
എല്ലാവർഷവും ക്രിസ്മസ് കാലം മുതൽ ഫെബ്രുവരി അവസാനം വരെയാണ് ഹാർബിൻ സ്നോ ആൻഡ് ഐസ് ഫെസ്റ്റിവൽ നടക്കുന്നത്. ഈ സമയത്ത് ഇരുപതു മില്ല്യണിലധികം സന്ദർശകർ ഇവിടെയെത്തുന്നു എന്നാണ് കണക്ക്. ഏകദേശം ആറു ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കാഴ്ചകളാണ് മഞ്ഞുത്സവത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുത്സവങ്ങളിലൊന്നായി ഹാർബിൻ സ്നോ ആന്റ് ഐസ് ഫെസ്റ്റിവൽ വിലയിരുത്തപ്പെടുന്നു.
ഐസ് ആന്റ് സ്നോ വേൾഡ്, സൺ ഐലന്റ് സ്നോ സ്കൾപ്ച്ചർ ആർട്ട് എക്സ്പോ, ഷാവോലിൻ പാർക്ക് ഐസ് ലാന്റേൺ ഫെസ്റ്റിവൽ എന്നിങ്ങനെ മൂന്നു പ്രദർശന കേന്ദ്രങ്ങളാണ് ഇത്തവണ ഇവിടെ ഒരുക്കിയിട്ടുള്ളത്. സൗധങ്ങൾ പോലെയുള്ള മഞ്ഞു കെട്ടിടങ്ങളാണ് ഐസ് ആന്റ് സ്നോ വേൾഡിലുള്ളത്. ലോകപ്രശസ്തമായ നിർമ്മിതികളുടെ അനുകരണങ്ങളാണിവ. മഞ്ഞിൽ നിർമ്മിച്ച ഡിസ്നി വേൾഡിന്റെ മാതൃകയാണ് സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. രാത്രിയാകുമ്പോൾ അതിമനോഹരമായ വൈദ്യുതാലങ്കാരങ്ങൾ കൊണ്ട് ഈ കൊട്ടാരങ്ങൾ ശോഭിക്കുന്ന കാഴ്ച വർണ്ണനാതീതമാണ്.
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ നിർമ്മിച്ച ഭീമൻ മഞ്ഞു ശിൽപങ്ങളാണ് സൺ ഐലന്റ് സ്നോ സ്കൾപ്ച്ചർ ആർട്ട് എക്സ്പോയിലുള്ളത്. കുട്ടികൾക്കായി ഷാവോലിൻ പാർക്കിൽ വൈവിദ്ധ്യങ്ങളായ ഒട്ടനേകം ഐസ് ലാന്റേണുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ വേദികളിലെയും ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്.
ഉത്സവത്തിൽ പങ്കുചേരാൻ എത്തുന്നവരുടെ യാത്രകൾ എളുപ്പമാക്കാൻ ചൈനയിലുടനീളം യാത്രാ വിലക്കുകൾ നീക്കിയിരുന്നു. എന്നാൽ, ഷെൻയാംഗിലും ഡാലിയനിലും വീണ്ടും കൊവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടത് മൂലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധയെ തുടർന്ന് സ്നോ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കാറുള്ള സ്റ്റേജ് പരിപാടികൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.