
സംഗീതം പൊഴിക്കുന്ന മാന്ത്രികക്കല്ലുകൾ സാധാരണയായി കണ്ടുവരുന്നത് യക്ഷിക്കഥകളിലാണ്. എന്നാൽ, പ്രകൃതിയൊരുക്കിയ ഒരു മഹാവിസ്മയമാണ് അമേരിക്കയിലെ പെൻസിൽവാനിയയിലെ സംഗീതം പൊഴിക്കുന്ന പാറക്കല്ലുകൾ. അവിടെ കാടിനു നടുവിലുള്ള റിംഗിംഗ് റോക്ക്സ് പാർക്കിലാണ് അമ്പരപ്പിക്കുന്ന പാറക്കൂട്ടമുള്ളത്. കാടിന് നടുവിൽ 128 ഏക്കറിലാണ് ഈ പാറക്കൂട്ടം പരന്നു കിടക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു കുന്നിടിഞ്ഞു വീണതുപോലെയോ ആകാശത്ത് നിന്ന് ചിതറിത്തെറിച്ച പാറക്കൂട്ടം പോലെയൊ തോന്നാം. ഏകദേശം പത്തടി ഘനമുണ്ട് ഈ പാറക്കൂട്ടത്തിന്.
ഇവയിൽ മൂന്നിലൊന്ന് പാറകളും തട്ടിയാൽ സംഗീതം പൊഴിക്കുന്നവയാണ്. നിരവധി സഞ്ചാരികളാണ് ഈ പാറക്കൂട്ടം തേടിയെത്തുന്നത്. നിരവധി കലാകാരൻമാർ ഈ പാറക്കൂട്ടങ്ങളിൽ മനോഹരമായ സംഗീത വിസ്മയങ്ങൾ ഒരുക്കുന്നതും പതിവാണ്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ യൂടൂബിൽ ഹിറ്റായിട്ടുണ്ട്. മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ പാറകൾ ഈ സ്ഥലത്തുനിന്ന് പുറത്തേക്ക് കൊണ്ടുപോയാൽ സംഗീതം പൊഴിക്കില്ല എന്നതാണ്. നിരവധി സഞ്ചാരികളാണ് റോക്ക്സ് പാർക്കിൽ നിൽക്കെ കൊട്ടിനോക്കിയ ശേഷം പുറത്തുകൊണ്ടുപോയി പരാജയപ്പെട്ടത്.
ഈ പാറക്കൂട്ടത്തിന് 20 കോടി വർഷം പഴക്കമുണ്ട് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. സാധാരണ പാറക്കെട്ടുകൾക്കിടയിൽ ചെടികൾ വളരുന്നതുപോലെ ഈ പാറക്കൂട്ടത്തിനിടയിൽ ചെടികൾ വളരാറില്ല. മാത്രവുമല്ല, പാറകളിലൊന്നും പായലും പിടിക്കില്ല. അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ഡയബേസ് എന്നയിനം പാറയാണ് ഇവിടെയുള്ളത്. മുൻപ് ഇവിടെയൊരു ഭീമൻ പാറക്കെട്ടായിരുന്നിരിക്കാമെന്നും പിന്നീട് കാലങ്ങൾകൊണ്ട് ഇങ്ങനെ ചിന്നിച്ചിതറിയതാകാമെന്നുമാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ, എന്താണ് സംഗീതം പൊഴിക്കുന്നതിന്റെ രഹസ്യം എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. പ്രകൃതി ഒളിപ്പിച്ചിരിക്കുന്ന രഹസ്യം.