thar-desert

‘മരുഭൂമിയ്ക്ക് നടുവിലെ വിദ്യാലയം’ എന്ന് കേൾക്കുമ്പോൾ മനസ്സിലൂടെ നിരവധി ചോദ്യങ്ങളാണ് കടന്നു പോകുന്നത്. ഇത്രയധികം ചൂടുള്ള ഒരു കാലാവസ്ഥയിൽ എങ്ങനെയാണ് വിദ്യാർത്ഥികൾ പഠിക്കുക? അവർ എങ്ങനെയാണ് പുറത്തേക്ക് പോവുക? അങ്ങനെ പോവുന്നു ചോദ്യങ്ങൾ.

എന്നാൽ അത്ഭുതപ്പെടേണ്ട വസ്തുത എന്തെന്നാൽ, രാജ്‌കുമാരി രത്നാവതി ഗേൾസ് സ്കൂളിൽ ചൂടിനെ പേടിക്കുകയേ വേണ്ട. അങ്ങനെയൊരു വിദ്യാലയമാണ് താർ മരുഭൂമിയ്ക്ക് നടുവിലായി നിർമ്മിച്ചിരിക്കുന്നത്. പകൽ സമയത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ള ഒരിടത്താണ് കുട്ടികൾക്ക് ചൂടിനെ പേടിക്കാതെ ഇരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.

കനോയ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇതൊരു വിസ്‌മയം തന്നെയെന്ന് പറയാം. കാരണം എയർകണ്ടീഷനറുകൾ ഇല്ലാതെയാണ് മരുഭൂമിയ്ക്ക് നടുവിലെ ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. മഞ്ഞ മണൽക്കല്ലുകൾക്കൊണ്ടാണ് ഈ സ്കൂൾ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയുമായി ചേരുന്ന രീതിയിൽ അണ്ഡാകൃതിയിലാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണരീതി.

പെൺകുട്ടികളെ പഠിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയുമുള്ള രാജ്‌കുമാരി രത്നാവതി ഗേൾസ് സ്കൂളിൽ കിന്റർഗാർട്ടൻ മുതൽ പത്താം ക്ലാസ്സ് വരെയുള്ള 400 ഓളം പെൺകുട്ടികൾക്ക് പഠിക്കാൻ കഴിയും. സ്കൂൾ കെട്ടിടത്തിനു പുറമെ ടെക്സ്റ്റൈൽ മ്യൂസിയവും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും അനുയോജ്യമായ ഇടവും ഇവിടെയുണ്ട്. സ്ത്രീകൾക്ക് നെയ്ത്ത് ഉൾപ്പെടെയുള്ള പരമ്പരാഗത കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും ഇവിടെ നൽകും. മൈക്കൽ ഡൗബെ എന്ന വ്യക്തിയാണ് ഈ സ്കൂൾ നിർമ്മാണത്തിനു പിന്നിൽ. പത്തുവർഷത്തോളം നടത്തിയ ഗവേഷണത്തിനു ശേഷമാണ് അദ്ദേഹം ഈ സ്കൂൾ നിർമ്മാണം ആരംഭിച്ചത്. ആർക്കിടെക്റ്റ് ഡയാന കെല്ലോഗിൽ ആണ് ഈ വിദ്യാലയം ഡിസൈൻ ചെയ്തത്.