
കഥ പറയുന്നതിനേക്കാൾ പ്രയാസമാണ് അവ എഴുതി ഫലിപ്പിക്കുകയെന്നത്.എന്നാൽ രണ്ടിലും ഒരുപോലെ തിളങ്ങാൻ കഴിയുന്നുവെന്നതാണ് നടനും അവതാരകനും ജനപ്രതിനിധിയുമായ ശ്രീ. മുകേഷിന്റെ പ്രത്യേകത. കേരളകൗമുദി ഫ്ളാഷ് മൂവീസിനെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനാർഹമായ ഒരു മുഹൂർത്തമാണിത്. ഞങ്ങൾ പ്രസിദ്ധീകരിച്ചുവരുന്ന മുകേഷ് കഥകളുടെ പരമ്പര നൂറാം ലക്കത്തിൽ എത്തിയെന്നതാണ് ഈ ലക്കത്തിന്റെ ഏറ്റവും വലിയ സവിശേഷത.ഓരോ ലക്കവും മുടങ്ങാതെ കഥകൾ പറയാൻ മുകേഷിനുള്ള വൈഭവം വായനക്കാരിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നുവെന്ന് സന്തോഷത്തോടെ പറയട്ടെ. നർമ്മം മേമ്പൊടിയായി ഉണ്ടെങ്കിലും എല്ലാ കഥകളിലും ഏവർക്കും മാതൃകാപരമായ ഒരു സന്ദേശം പകരാൻ മുകേഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏത് കാര്യത്തിലായാലും ഒരു മുകേഷ് ടച്ച് പ്രകടമാണ്. മുകേഷിനെ അഭിനന്ദിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു. ചലച്ചിത്ര രംഗത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രത്യാശ പകരുന്ന വാർത്ത തിയേറ്ററുകൾ തുറന്നു തുടങ്ങിയെന്നതാണ്.എല്ലാം വേഗം സാധാരണ നിലയിലാവട്ടെ.പദ്മഭൂഷൺ നേടിയ മലയാളത്തിന്റെ വരദാനമായ കെ.എസ്.ചിത്രയ്ക്കും പദ്മശ്രീ ജേതാവായ കൈതപ്രം തിരുമേനിക്കും അഭിനന്ദനങ്ങൾ.