photo

കൊല്ലം: ഗാനമേള ട്രൂപ്പുകളിലെ മിന്നുംതാരം. ആൽബങ്ങളുടെയും ഷാേർട്ട്ഫിലിമുകളുടെയും ഗായകൻ. ഇരുപത്തിയഞ്ചു വർഷം അതു മാത്രമായിരുന്നു അനീസ്ഖാന്റെ ലോകം. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ഗാനഭൂഷണം പാസായി കോട്ടയം മെഗാ ബീറ്റ്സിൽ ഗായകനായി മിന്നുമ്പോഴാണ് കൊവിഡിന്റെ വരവ്.അതോടെ കൊട്ടാരക്കര നെടുവത്തൂരിൽ ബ്യൂട്ടി പാർലറിട്ട് മുടിവെട്ടുകാരനായി. കത്രികയുടെ താളത്തിൽ പാട്ടുപാടി ആരാധകരെ നേടുകയാണ്. മുടിവെട്ടാനെത്തുന്നവരാണ് ആസ്വാദകർ. ലൈവ് പാട്ട് നാടാകെ ഹിറ്റാണ് !കോതമംഗലം ചെളിക്കുഴിത്തണ്ട് പരേതരായ പി.കെ. തങ്കപ്പന്റയും കാർത്ത്യായനിയുടെയും നാല് മക്കളിൽ മൂന്നാമനാണ്. പതിനാല് വർഷം മുൻപ് കൊട്ടാരക്കര കോട്ടാത്തല ശ്രുതി ഭവനിൽ ശ്രുതിയെ വിവാഹം ചെയ്ത് ഇവിടെ സ്ഥിരതാമസമാക്കി. ഗാനമേള കേൾക്കാനെത്തിയ ശ്രുതിക്ക് തോന്നിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. മക്കൾ അനുപല്ലവി,​ ചരൺ.

പണ്ട് അച്ഛൻ മുടിവെട്ടിയിരുന്നതിന്റെ ബാലപാഠങ്ങൾ ഓർത്തെടുത്താണ് മുടിവെട്ടിലേക്ക് തിരിഞ്ഞത്. ആയിരം രൂപവരെ ദിവസം വരുമാനമുണ്ട്.