
പ്രിമിയർ ലീഗിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി ലിവർപൂൾ മൂന്നാം സ്ഥാനത്ത്
ലണ്ടൻ : ഗോളടിക്കാൻ കഴിയാതിരുന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ തുടർച്ചയായ ആറ് മത്സരങ്ങൾക്ക് ശേഷം സ്കോറിംഗ് ടച്ച് വീണ്ടെടുത്ത് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സല.സലയുടെ ഇരട്ടഗോളുകളുടെ അകമ്പടിയോടെ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ 3-1ന് വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് ലിവർപൂൾ ലീഗ് പട്ടികയിൽ മൂന്നാമതെത്തുകയും ചെയ്തു.
വെസ്റ്റ്ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.രണ്ടാം പകുതിയിലാണ് നാലുഗോളുകളും പിറന്നത്. 57-ാം മിനിട്ടിൽ ജോൺസിന്റെ പാസിൽ നിന്നായിരുന്നു സലായുടെ ആദ്യ ഗോൾ. 2021ലെ സലായുടെ ആദ്യ പ്രിമിയർ ലീഗ് ഗോളായിരുന്നു ഇത്. തുടർച്ചയായി നാലു സീസണുകളിൽ എല്ലാമത്സരങ്ങളിൽ നിന്നും ചുരുങ്ങിയത് 20 ഗോളുകൾ അടിക്കുന്ന താരമായി സല മാറി.
68-ാം മിനിട്ടിൽ ഷാക്കീരിയുടെ പാസിൽ നിന്നായിരുന്നു സലയുടെ അടുത്ത ഗോൾ. 84-ാം മിനിട്ടിൽ ഫിർമിനോയുടെ പാസിൽ നിന്ന് വിയനാൽഡം മൂന്നാം ഗോളും നേടി.87-ാം മിനിട്ടിൽ ഡാവ്സണാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസഗോൾ നേടിയത്.
21 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായാണ് ലിവർപൂൾ മൂന്നാമതുള്ളത്. ഈ മാസമാദ്യം വരെ ഒന്നാം സ്ഥാനത്തായിരുന്നു ലിവർപൂൾ .20 മത്സരങ്ങളിൽ 44 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 21 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതുണ്ട്.
മറ്റൊരു മത്സരത്തിൽ ബേൺലിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച ചെൽസി നാലുപടവുകൾ കയറി ഏഴാം സ്ഥാനത്തെത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുപകുതികളിലും ഓരോ ഗോൾവീതമാണ് ചെൽസി നേടിയത്. 40-ാം മിനിട്ടിൽ അത്പില്ലിക്യുവേറ്റയും 84-ാം മിനിട്ടിൽ അലോൺസോയുമാണ് ചെൽസിക്ക് വേണ്ടി സ്കോർ ചെയ്തത്. ഒരു വർഷത്തിന് ശേഷമാണ് അത്പില്ലിക്യുവേറ്റ പ്രിമിയർ ലീഗിൽ ഗോളടിക്കുന്നത്.
ഈ വിജയത്തോടെ ചെൽസിക്ക് 21 മത്സരങ്ങളിൽനിന്ന് 33 പോയിന്റായി.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനോട് തോറ്റ ലെസ്റ്റർ സിറ്റി 39 പോയിന്റുമായി നാലാം സ്ഥാനത്തായി.