vijayaraghavan

തിരുവനന്തപുരം:ലീഗിനെതിരെ വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുന്നാക്ക വിഭാഗക്കാർക്കുള്ള സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തെത്തി സാമൂഹിക ധ്രുവീകരണത്തിനാണ് ലീഗ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫ് ഉണ്ടാക്കിയ വർഗീയ-രാഷ്‌ട്രീയ ബന്ധങ്ങൾ തുടരുമോ എന്ന ചോദ്യമാണ് സി പി എം ചോദിച്ചത്.മറുപടി നൽകുന്നതിന് പകരം ചോദ്യം ചോദിച്ചവരെ വർഗീയവാദികളായി കോൺഗ്രസ് മുദ്രകുത്തുന്നു.'- വിജയരാഘവൻ പറഞ്ഞു.വർഗീയ ശക്തികൾക്ക് വേണ്ടി കോൺഗ്രസ് സ്വന്തം നയത്തിൽ വെള്ളം ചേർക്കുന്നുവെന്ന സിപിഎം വിമർശനം സത്യസന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹിന്ദു വർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷം വർഗീയത ശക്തിപ്പെടുത്തുന്നത് ബി ജെ പിയ്ക്ക് കരുത്ത് പകരുമെന്ന് വിജയരാഘവൻ പറഞ്ഞു. മതാത്മക രാഷ്‌ട്രീയ ചേരിതിരിവിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് നേതാക്കൾ പാണക്കാട് പോയത് മത മൗലിക വാദ– മതാധിഷ്ഠിത രാഷ്‌ട്രീയ കൂട്ടുകെട്ട് ശക്തമാക്കാനാണെന്ന് വിജയ രാഘവൻ നേരത്തെ ആരോപിച്ചിരുന്നു.