rahul-gandhi

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പിടിക്കാൻ ഒറ്റയ്‌ക്ക് 60 സീറ്റ് നേടുകയെന്ന 'മിഷൻ 60' പദ്ധതിക്ക് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസിന്റെ ബാലികേറാ മലയായ മലബാറിൽ നിന്ന് പരമാവധി സീറ്റുകൾ നേടുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം. കേരളത്തിൽ പ്രചാരണത്തിനെത്തുന്ന രാഹുൽ മലബാറിലായിരിക്കും കൂടുതൽ സമയം പ്രചാരണത്തിനായി ചെലവഴിക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ രാഹുൽ ക്യാമ്പും മലബാറിൽ തമ്പടിക്കും. ഷമാ മുഹമ്മദ് അടക്കം നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത് ഈ നീക്കത്തിന്റെ ഭാഗമായാണ്.

എൻ എസ് യു, യൂത്ത് കോൺഗ്രസ് അടക്കമുളള പോഷക സംഘനകളിലെ ചുറുചുറുക്കുളള ഒരു സംഘം തന്നെ രാഹുൽ ബ്രിഗേഡിൽ ഇടം പിടിക്കും. സി പി എമ്മിന്റെ ഉരുക്കുകോട്ടകളായ പല മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാർത്ഥികളെയാകും കോൺഗ്രസ് കളത്തിലിറക്കുക. രാഹുൽ വയനാട്ടിൽ നിന്നുളള എം.പിയായതിനാൽ കൂടുതൽ സീറ്റുകൾ മലബാറിൽ നിന്ന് തന്നെ വേണമെന്നാണ് കോൺഗ്രസ് കരുതുന്നത്. മറിച്ചൊരു സാഹചര്യമുണ്ടായാൽ അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ചർച്ച വിഷയമാകും.

നിലവിലെ കണക്കനുസരിച്ച് മലബാറിൽ കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്. രാഹുലും സംഘവും വരുന്നതോട് കൂടി ദീർഘകാലം ജയിക്കാത്ത സീറ്റുകൾ കൂടി പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് കരുതുന്നു. പല മണ്ഡലങ്ങളിലും അപ്രതീക്ഷിത സ്ഥാനാർത്ഥികൾ വന്നേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പ്ലാൻ ഇങ്ങനെ

രാഹുലും സംഘവും വയനാട്-കോഴിക്കോട് മേഖലയിലാകും കൂടുതൽ സജീവമാകുക. ഐ ടി സെൽ അടക്കം സർവ സന്നാഹവുമായി നേതാക്കളും മലബാറിലുണ്ടാവും. കോഴിക്കോട് സീറ്റ് പിടിച്ചെടുക്കുന്നതിന് കോൺഗ്രസ് ഇത്തവണ താത്പര്യം കാണിക്കും. കോഴിക്കോട് നോർത്തും സൗത്തും ബേപ്പൂരും വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയാണ് പ്രധാന ലക്ഷ്യം. ആറ് ജില്ലകളിൽ നിന്നായി 35 സീറ്റാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് 15 സീറ്റ് വരെയാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് മികച്ച പ്രകടനം നടത്തിയാൽ മാത്രമേ എന്തെങ്കിലും നേട്ടം യു.ഡി.എഫിന് ലഭിക്കൂ. ഇല്ലെങ്കിൽ ലീഗ് ഉളളതുകൊണ്ട് വിജയിച്ചതാണെന്ന വിലയിരുത്തലുണ്ടാവും.

ദീർഘകാലം കോൺഗ്രസിനൊപ്പം നിൽക്കുകയും പിന്നീട് എൽ.ഡി.എഫ് പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങൾ മലബാറിലുണ്ട്. ഇത് പിടിച്ചെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇവ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങളാണ് ഇവ. ഈ മണ്ഡലങ്ങളിൽ ഇടയ്ക്ക് കോൺഗ്രസ് കരുത്തുകാണിച്ചിട്ടുണ്ട്. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോൺഗ്രസ് കരുതുന്ന മണ്ഡലങ്ങളാണ്.

കോൺഗ്രസ് ദുർബലമാണ്

മലബാറിൽ പാർട്ടിയുടെ സ്ഥിതി ദുർബലമാണെന്നാണ് താരിഖ് അൻവറിന്റേയും സംഘത്തിന്റേയും വിലയിരുത്തൽ. മുസ്ലീം ലീഗിന് ശക്തിയുണ്ടെങ്കിലും കോൺഗ്രസ് എവിടെയുമില്ല. ആറ് ജില്ലകളിൽ നിന്നായി ആറ് എം എൽ എമാരാണ് കോൺഗ്രസിനുളളത്. അറുപത് നിയമസഭാ മണ്ഡലങ്ങളുണ്ട് ഈ ജില്ലകളിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് 23 സീറ്റുകളാണ് 2016ൽ യു ഡി എഫിന് ലഭിച്ചത്. ഇതിൽ 17 സീറ്റും ലീഗിന്റേതാണ്.

കോൺഗ്രസ് മലബാറിൽ 15 സീറ്റ് വരെ സ്വപ്‌നം കാണുന്നത് തന്നെ അതിമോഹമാണ്. സംഘടനാ സംവിധാനം ഏറ്റവും മോശം നിലയിലാണ് മലബാറിൽ. ലീഗിന്റെ സ്വാധീന മേഖലകൾ അല്ലാത്ത ഇടങ്ങളിൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മുന്നണിയിൽ ലീഗ് തന്നെയാണ് മലബാറിൽ പ്രബല ശക്തിയെന്ന് ഇത് തെളിയിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് അടക്കം മികവ് കാണിച്ചത് ലീഗായിരുന്നു.

കണക്കിലെ കളി

ആറ് ജില്ലകളിലായി 31 സീറ്റിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചത്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ മാത്രം ജയമൊതുങ്ങി. കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഒരു സീറ്റ് പോലും കോൺഗ്രസിന് ജയിക്കാനായില്ല. അതേസമയം ലീഗാണെങ്കിൽ മത്സരിച്ചത് 21 സീറ്റിലാണ്. അതിൽ 17 സീറ്റും നേടി. നാല് സിറ്റിംഗ് സീറ്റുകളാണ് മലബാറിൽ കോൺഗ്രസിന് നഷ്‌ടമായത്. കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി മണ്ഡലങ്ങളാണ് ആ സിറ്റിംഗ് സീറ്റുകൾ.

എൽ ജെ ഡിക്ക് നൽകിയ കൽപ്പറ്റ സീറ്റ് യു ഡി എഫിന് നഷ്‌ടമായി. എൽ ജെ ഡി മുന്നണി വിട്ട സാഹചര്യത്തിൽ കൽപ്പറ്റയിൽ കോൺഗ്രസ് തന്നെ മത്സരിക്കും. കോൺഗ്രസിന്റെ ഒന്നാം പട്ടികയിൽ നഷ്‌ടപ്പെട്ട അഞ്ച് സിറ്റിംഗ് സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിലുളള ആറ് സീറ്റിനൊപ്പം ഈ അഞ്ചും കൂടി കിട്ടിയാൽ പതിനൊന്ന് സീറ്റിലേക്ക് മലബാറിൽ കുതിക്കാൻ കോൺഗ്രസിനാവും. തിരുവമ്പാടി സീറ്റ് ഏറ്റെടുക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. 2016ൽ കോൺഗ്രസിന് നഷ്‌ടമായ സിറ്റിംഗ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടി ഉൾപ്പെടുത്തിയിരിക്കുന്നത്.