
ലക്നൗ: പൈപ്പിന്റെ ടാപ്പുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ബറാത്തിലെ വസിദ്പൂർ ഗ്രാമത്തിലായിരുന്നു സംഭവം. നീലം എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ധീരജ് എന്നയാളാണ് പിടിയിലായത്. പൈപ്പിന്റെ ഹാൻഡിൽ കൊണ്ടുളള അടിയേറ്റ നീലം തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അഞ്ചുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. തുടക്കംമുതൽ തന്നെ ഇവർക്കിടയിൽ വഴക്ക് പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവദിവസവും നിസാരകാര്യത്തെച്ചൊല്ലി ഇരുവരും വഴക്കായി. കലിമൂത്ത ധീരജ് തൊട്ടടുത്തുണ്ടായിരുന്ന പൈപ്പിന്റെ ടാപ്പ് വലിച്ചൂരി നീലത്തിനെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. അടിയേറ്റ നീലം ബോധരഹിതയായി വീണു. നിലിവിളി കേട്ടെത്തിയ നാട്ടുകാരാണ് ധീരജിനെ പിടികൂടിയത്. നീലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചു.