
ഗാന്ധിനഗർ: കൊവിഡ് വാക്‌സിൻ കുത്തിവയ്‌പെടുത്തതിന് പിന്നാലെ യുവാവ് മരിച്ചു. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ ജിഗ്‌നേഷ് സോളങ്കിയാണ് മരിച്ചത്. കുത്തിവയ്‌പെടുത്ത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു മരണം. പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.
വാക്‌സിൻ കുത്തിവയ്‌പെടുത്തതാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേസമയം ഹൃദയാഘാതം മൂലമാണ് ജിഗ്നേഷ് മരിച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. യുവാവ് 2016 മുതൽ ഹൃദ്രോഗിയായിരുന്നെന്നും, മരുന്ന് കഴിക്കാത്തതാണ് ജീവന് ഭീഷണിയായതെന്നും അധികൃതർ അറിയിച്ചു.
വഡോദര മുനിസിപ്പൽ കോർപ്പറേഷനിൽ (വിഎംസി) ശുചീകരണ തൊഴിലാളിയായിരുന്ന ജിഗ്‌നേഷ് സോളങ്കി, ഞായറാഴ്ച രാവിലെയാണ് വാക്‌സിനേഷൻ എടുത്തത്. വീട്ടിലെത്തിയതിന് പിന്നാലെ ബോധരഹിതനാകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിവിൽ ബോഡി സ്ഥാപിച്ച വാക്സിനേഷൻ കേന്ദ്രത്തിൽവച്ചാണ് സോളങ്കിക്ക് കുത്തിവയ്പെടുത്തതെന്നും, അരമണിക്കൂർ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷമാണ് വീട്ടിലേക്ക് വിട്ടതെന്നും എസ്എസ്ജി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ രഞ്ജൻ അയ്യർ പറഞ്ഞു. ആ മുപ്പത് മിനിറ്റിൽ അദ്ദേഹത്തിന് പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും ഡോക്ടർ കൂട്ടിച്ചർത്തു.വഡോദരയിൽ ഇതുവരെ 12,000 ത്തിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. അവരിൽ ആർക്കും പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് വിഎംസി മെഡിക്കൽ ഓഫീസർ ഡോ ദേവേഷ് പട്ടേൽ പറഞ്ഞു.