veekshanam

തിരുവനന്തപുരം: വീക്ഷണം പത്രത്തിലെ ആദരാഞ്ജലി വിവാദത്തിൽ വിശദീകരണവുമായി പത്രത്തിന്റെ ചുമതലയുളള കെ പി സി സി ജനറൽ സെക്രട്ടറി ജെയ്‌സൺ ജോസഫ്. ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര അവസാനിക്കുന്നതുവരെ യാത്രയുടെ പരസ്യങ്ങൾ വീക്ഷണം പത്രത്തിന്റെ അവസാന പേജിൽ പ്രസിദ്ധീകരിക്കില്ല. പരസ്യങ്ങളുണ്ടായാൽ മറ്റ് പേജിലാവും കൊടുക്കുക എന്നും അദ്ദേഹം വിശദീകരിച്ചു.

കാസർകോട് ബ്യൂറോയുടെ ഉത്തരവാദിത്തത്തിൽ വന്ന പരസ്യത്തിൽ ബന്ധപ്പെട്ട ആളുകൾക്കിടയിൽ നിന്നും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതിൽവിശദീകരണം തേടി നടപടി സ്വീകരിക്കുമെന്നും ജെയ്‌സൺ ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിച്ച മാദ്ധ്യമ ലോബികൾ ഇതിന് പിന്നിലുണ്ടോ എന്ന് സംശയം ചിലർ ഉന്നയിച്ചിട്ടുണ്ട്. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വീക്ഷണം മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം സംസ്ഥാനത്തിന്റെ കരുത്തുറ്റ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയെ അപകീർത്തിപ്പെടുത്താൻ ഇടതുപക്ഷ ശക്തികൾ ശ്രമിക്കും എന്നതിൽ സംശയമില്ല. അത്തരം ശക്തികൾ ഇതിന് പിന്നിലുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കും. കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.