
ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത കത്തിലെ വിവരങ്ങൾ പുറത്ത്. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റോൺ മൽക്കെയെ ഏത് സമയത്തും വധിക്കുമെന്ന് കത്തിൽ ഭീഷണിയുണ്ട്.
ഇംഗ്ലീഷിലുള്ള കത്തിൽ ഇസ്രയേൽ ഭീകരരാഷ്ട്രമാണെന്ന പരാമർശമുണ്ട്. കൂടാതെ ഇറാനിലെ കൊല്ലപ്പെട്ട നേതാക്കളുടെ പേരുകളും കത്തിലുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് ഡൽഹിയിലെ എ പി ജെ അബ്ദുൾ കലാം റോഡിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്.ഇന്ത്യ - ഇസ്രയേൽ നയതന്ത്ര ബന്ധത്തിന്റെ 29ാം വാർഷിക ദിനമായിരുന്നു വെള്ളിയാഴ്ച . കഴിഞ്ഞ എട്ടുവർഷത്തിനിടെ ഇസ്രയേൽ എംബസിക്ക് സമീപത്ത് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്.