
മുംബയ്: കേന്ദ്ര ബഡ്ജറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഓഹരിവിപണയിൽ മുന്നേറ്റം. സെൻസെക്സ് 400 പോയിന്റ് ഉയർന്നു. വ്യാപാരം തുടങ്ങി ആദ്യമണിക്കൂറിൽ 401.77 ഉയർന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ സെൻസെക്സ് 46,687.54 എത്തി.
സാമ്പത്തിക മാന്ദ്യം മറികടക്കാനുളള പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷയാണ് ഓഹരിവിപണിയിലെ മുന്നേറ്റത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബഡ്ജറ്റായിരിക്കും ഇത്തവണത്തേതെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. ബഡ്ജറ്റിൽ കാര്യമായ നികുതി ഇളവിന് സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കുമെന്നും കരുതുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ സെസ് നിരക്കുകൾ കൂട്ടാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.