dhoni

ചെന്നൈ: മുൻ ഇന്ത്യൻ നായകനും ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിം‌ഗ്സിന്റെ ക്യാപ്‌റ്റനുമായ എം എസ് ധോണിക്ക് ചരിത്ര നേട്ടം. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാത്രം 150 കോടി രൂപ സമ്പാദിക്കുന്ന ആദ്യ താരമായി ധോണി മാറി. 2020ലെ ഐ പി എല്ലിന് മുമ്പ് 137 കോടിയായിരുന്നു സമ്പാദ്യം. 2020ലെ സീസൺ കഴിഞ്ഞതിന് പിന്നാലെയാണ് ധോണിയുടെ ഐ പി എല്ലിൽ നിന്നുളള സമ്പാദ്യം 150 കോടി കടന്നത്.

2008ലെ ഐ പി എൽ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനാണ് ധോണി. ഇടയ്‌ക്ക് ടീമിന് വിലക്ക് വന്നപ്പോൾ മാത്രമാണ് താരം ചെന്നൈ ജേഴ്‌സിയിൽ കളിക്കാൻ ഇറങ്ങാതിരുന്നത്. നിലവിൽ ക്ലബ് താരത്തിന് നൽകുന്ന പ്രതിഫലം 15 കോടി രൂപയാണ്. 2018 മുതൽ ഓരോ സീസണിലും ധോണിയുടെ പ്രതിഫലം ഇത്ര തന്നെയാണ്.

2008ലെ താര ലേലത്തിൽ ഏറ്റവും വലിയ താരം ധോണിയായിരുന്നു. അന്ന് ആറ് കോടി രൂപ മുടക്കിയാണ് ധോണിയെ ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ പാളയത്തിലെത്തിച്ചത്. ആദ്യ മൂന്ന് സീസണുകളിലും താരത്തിന് ആറ് കോടിയാണ് ക്ലബ് പ്രതിഫലം നൽകിയത്. പിന്നീട് 2011ലാണ് പ്രതിഫലം ഉയർന്നത്. പിന്നീടുളള മൂന്ന് സീസണുകളിൽ ധോണി സ്വന്തമാക്കിയ പ്രതിഫലം സീസണിൽ 8.28 കോടി രൂപയായിരുന്നു.

2014ൽ 12.5 കോടിയായി പ്രതിഫലം ഉയർന്നു. റൈസിംഗ് പൂനെയ്‌ക്കായി കളിക്കാനിറങ്ങിയ രണ്ട് സീസണിലും ഇതു തന്നെയായിരുന്നു താരത്തിന്റെ പ്രതിഫലം. 2018ൽ ചെന്നൈ ടീം വിലക്ക് അവസാനിച്ച് ഐ പി എല്ലിൽ തിരിച്ചെത്തിയ ശേഷം ധോണി 60 കോടി രൂപയാണ് സമ്പാദിച്ചത്.

146.6 കോടി രൂപയുമായി മുംബയ് ഇന്ത്യൻസ് നായകൻ രോഹിത് ശർമയാണ് ധോണിക്ക് പിന്നിൽ രണ്ടാമതുളളത്. നിലവിലെ ഇന്ത്യൻ ക്യാപ്‌റ്റനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകനുമായി വിരാട് കോഹ്‌ലി മൂന്നാമത് നിൽക്കുകയാണ്. 143.2 കോടി രൂപയാണ് കോഹ്‌ലിയുടെ ഇതുവരെയുളള ഐ പി എല്ലിലെ സമ്പാദ്യം.