
ന്യൂഡൽഹി: മ്യാൻമറിലെ സൈനിക അട്ടിമറിയിലും ഓങ് സാൻ സൂചിയുൾപ്പടെയുള്ള നേതാക്കളെ തടങ്കലിൽ വച്ചതിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'മ്യാൻമറിലെ ജനാധിപത്യ പ്രക്രിയയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ എല്ലായ്‌പ്പോഴും ഉറച്ചുനിൽക്കുന്നു. നിയമവാഴ്ചയും ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നേതാക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യത്തെ മാനിക്കണമെന്ന് മ്യാൻമറിലെ സൈനിക നേതാക്കളോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ജനപ്രതിനിധികൾ നാളെ അധികാരമേൽക്കാനിരിക്കെയായിരുന്നു സൈന്യത്തിന്റെ നീക്കം. തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.
നേതാക്കളെ തടങ്കലിലാക്കിയത് കൂടാതെ രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.