
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്രസർക്കാരിന്റെ 2021-22 ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ലോക്ക്‌ഡൗൺ കാലത്തെ കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം.
ലോക്ക്‌ഡൗൺ കാലത്തെ നടപടികൾ രാജ്യത്തെ പിടിച്ചുനിർത്തി. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആത്മനിർഭർ ഭാരത് സഹായിച്ചു. ഈ പതിറ്റാണ്ടിലെ ആദ്യത്തെ ബഡ്‌ജാറ്റാണിത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ ബഡ്‌ജറ്റാണിത്. സാമ്പത്തികരംഗത്തെ ഉയർച്ചയ്‌ക്ക് വേണ്ടിയാണ് ഇത്തവണത്തെ ബഡ്‌ജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്‌സിൻ വിതരണം രാജ്യത്തിന്റെ നേട്ടമാണ്. ജി ഡി പിയുടെ 13 ശതമാനം ചെലവിട്ട് മൂന്ന് ആത്മനിർഭർ പാക്കേജുകൾ പ്രഖ്യാപിക്കാനായി. കൊവിഡ് കേസുകൾ കുറഞ്ഞത് പ്രതിസന്ധിയുടെ ആക്കം കുറിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ
 ജമ്മുകാശ്‌മീരിൽ വാതക പൈപ്പ് ലൈൻ പദ്ധതി
 ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല
 അസമിലേയും ബംഗാളിലേയും തേയില തൊഴിലാളികൾക്ക് ആയിരം കോടി. കേരളത്തെ തഴഞ്ഞതിൽ എം പിമാരുടെ പ്രതിഷേധം
 പ്രവാസികളുടെ ഇരട്ടനികുതി ഒഴിവാക്കും
 സ്റ്റാർട്ട് അപ്പുകൾക്ക് ഒരു വർഷം കൂടി നികുതിയിളവ്
 ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി
 എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം വേതനം
 ധനക്കമ്മി ജി ഡി പിയുടെ 9.5 ശതമാനം. 2025ഓടെ 5 ശതമാനത്തിൽ താഴെയാക്കുക ലക്ഷ്യം
 നികുതി സമർപ്പിക്കലുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് പാനൽ
 എൻ ആർ ഐകൾക്ക് ഒരംഗ കമ്പനിയുണ്ടാക്കാൻ ബഡ്‌ജറ്റിൽ അനുമതി
 പെൻഷൻ വരുമാനം മാത്രമുളള 75 വയസ് കഴിഞ്ഞവർക്ക് നികുതി റിട്ടേൺ സമർപ്പിക്കേണ്ട
 നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കും
 കൊച്ചി ഫിഷിംഗ് ഹാർബർ വാണിജ്യ ഹബ്ബാക്കും
 പ്ലാറ്റ്ഫോം ജീവനക്കാർക്ക് ആദ്യമായി സാമൂഹ്യ സുരക്ഷ പദ്ധതി
 ആദ്യ ഡിജിറ്റൽ സെൻസസിന് 3758 കോടി
 കമ്പനി നിർവചനങ്ങളിൽ മാറ്റം. രണ്ടുകോടി രൂപവരെ മുതൽ മുടക്കുളളവ ഇനി ചെറുകമ്പനികൾ
 ലേയിൽ കേന്ദ്രസർവകലാശാല സ്ഥാപിക്കും
 രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകൾ കൂടി
 15,000 സ്‌കൂളുകൾ വികസിപ്പിക്കും
 ചെറുകിട-ഇടത്തരം വ്യാപാര മേഖലയ്‌ക്ക് 15,700 കോടി
 എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം 2022ൽ പൂർത്തിയാക്കും
 ഗ്രാമീണ വികസനത്തിന് 40,000 കോടി
 മിനിമം താങ്ങുവില നൽകി കാർഷിക സംഭരണം തുടരും
 മൂന്ന് വർഷത്തിനകം 100 പട്ടണങ്ങളിൽ ഗ്യാസ് പൈപ്പ് ലൈൻ
 താങ്ങുവിലയ്‌ക്ക് 1.72 ലക്ഷം കോടി
 കർഷകർക്ക് 16.5 ലക്ഷം കോടിയുടെ വായ്‌പ പദ്ധതി
 പരുത്തി കർഷകർക്ക് 25,974 കോടി രൂപയുടെ പദ്ധതി
 കർഷകർക്ക് 75,060 കോടി രൂപയുടെ പദ്ധതി
 എൽ ഐ സിയുടെ ഓഹരി അടുത്ത വർഷം മുതൽ വിൽപ്പനയ്‌ക്ക്
 1,75,000 കോടിയുടെ ഓഹരി മൂലധന സമാഹരണത്തിനായി വിറ്റഴിക്കും
 കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കും
 പൊതുമേഖല ബാങ്കുകൾക്ക് 20,000 കോടി
 സോളാർ എനർജി കോർപ്പറേഷന് ആയിരം കോടിയുടെ സഹായം
 പിപിപി മോഡൽ തുറമുഖ വികസനത്തിന് ഏഴ് പദ്ധതികൾ
 ഉജ്വല യോജന ഒരു കോടി കുടുംബങ്ങൾക്ക് കൂടി
 ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തി
 ഊർജ മേഖലയ്‌ക്ക് 3.05 ലക്ഷം കോടി
 റെയിൽവേയ്‌ക്ക് 1.10 ലക്ഷം കോടി
 ബസ് സർവീസ് നവീകരിക്കാൻ 18,000 കോടി
 തമിഴ്‌നാടിന് 1.03 ലക്ഷം കോടി ദേശീയ പാത വികസനത്തിന്
 കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1957 കോടി, പതിനൊന്നര കിലോമീറ്റർ നീട്ടും
 ബംഗാളിൽ ദേശീയപാത വികസനത്തിന് 25,000 കോടി
 മുംബയ്- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം
 കേരളത്തിന്റെ 1100 കിലോമീറ്റർ ദേശീയപാത വികസനത്തിന് 65,000 കോടി
 നഗര ശുചീകരണ പദ്ധതിക്ക് 1,41,678 കോടി രൂപ
 സ്വകാര്യ വാഹനങ്ങൾക്ക് ഇരുപത് വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും അനുമതി
 ശുദ്ധജല പദ്ധതിക്ക് 2,87,000 കോടി
 ഏഴ് മെഗാ ടെക്‌സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും
 വായു മലിനീകരണം തടയാൻ 2,217 കോടി
 മലിനീകണത്തിനും മാലിന്യ സംസ്‌കരണത്തിനും നടപടിയുണ്ടാകും
 ജലജീവൻ മിഷന് 2.87 കോടി
 കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ തുടരും
 രണ്ട് കൊവിഡ് വാക്‌സിൻ കൂടി ഉടനെത്തും
 കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കും
 രാജ്യത്ത് 15 എമർജൻസി ഹെൽത്ത് സെന്ററുകൾ
 കൊവിഡ് വാക്‌സിന് 35,000 കോടി
 രാജ്യത്തെ ലാബുകൾ ബന്ധിപ്പിക്കും
 കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കും
 ആരോഗ്യമേഖലയ്ക്ക് കൂടുതൽ തുക. 64,180 കോടിയുടെ പുതിയ പാക്കേജ്
 ദേശീയ ആരോഗ്യസ്ഥാപനങ്ങൾ ശക്തിപ്പെടുത്തും