adani-pinarayi

തിരുവനന്തപുരം: അദാനി ഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങാനൊരുങ്ങി കേരളം. 25 വർഷത്തേക്ക് ഗുജറാത്തിലെ കച്ചിലെ കാറ്റാടിപ്പാടത്ത് ഉത്‌പാദിപ്പിക്കുന്ന 75 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങുക. ഇതുസംബന്ധിച്ച കരാർ ഉടൻ ഒപ്പിട്ടേക്കും. അദാനി ഗ്രീൻ എനർജിയുമായാണ് കേരളത്തിന്റെ കരാർ.

സംസ്ഥാനങ്ങൾ നിശ്ചിതശതമാനം പാരമ്പര്യേതര ഊർജം ഉപയോഗിക്കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവുണ്ട്. ഇത് നടപ്പാക്കാൻ 2019 ജൂൺ 14ന് 200 മെഗാവാട്ട് കാറ്റാടി വൈദ്യുതി വാങ്ങുന്നതിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി വൈദ്യുതി ബോർഡ് കരാർ ഏർപ്പെട്ടിട്ടുണ്ട്. സെക്കിയുടെ നിർദേശപ്രകാരം കേരളത്തിന്റെ 200 മെഗാവാട്ടിൽ 75 മെഗാവാട്ട് അദാനിഗ്രൂപ്പിന്റെ അദാനി വിൻഡ് എനർജി കച്ച് ത്രീ ലിമിറ്റഡിൽനിന്നു വാങ്ങണം.

ഒരു യൂണിറ്റിന് 2.83 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുക. ഈ നിരക്കിൽ കാറ്റാടി വൈദ്യുതി വാങ്ങുമ്പോൾ 25 വർഷത്തേക്ക് മൂവായിരം കോടി രൂപ ചിലവ് വരുമെന്നാണു കണക്കാക്കുന്നത്. എന്നാൽ വൈദ്യുതിലൈനുകളിലൂടെ കാറ്റാടി വൈദ്യുതി എത്തിക്കാൻ കേരളത്തിന് പ്രത്യേക ചിലവ് വരില്ല. പാരമ്പര്യേതര വൈദ്യുതിക്ക് പ്രത്യേക ഇളവ് ലഭിക്കുന്നതിനാലാണിത്.