
ന്യൂഡൽഹി: കൊവിഡ് രോഗകാലത്തിന് ശേഷം അവതരിപ്പിച്ച ആദ്യ ബഡ്‌ജറ്റിൽ നിർണായക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇൻഷുറൻസ് മേഖലയിൽ വിദേശനിക്ഷേപത്തിനുളള പരിധി 74 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 49 ശതമാനമായിരുന്നു. എൽ.ഐ.സിയിലെ ഓഹരി വിറ്റഴിക്കൽ അടുത്ത സാമ്പത്തിക വർഷത്തോടെ പൂർത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു. രണ്ട് പൊതുമേഖലാ ബാങ്കുകളിലെ ഓഹരിയും വിറ്റഴിക്കും. ഇങ്ങനെ 1.75 ലക്ഷംകോടിയുടെ വരുമാനം കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നു.
തുറമുഖങ്ങളുടെ നടത്തിപ്പിൽ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനാണ് കേന്ദ്ര തീരുമാനം. രണ്ടാംനിര മൂന്നാം നിര നഗരങ്ങളിലെ വിമാനത്താവളങ്ങൾ നടത്തിപ്പ് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കും. റെയിൽവേയിൽ വികസനപദ്ധതികൾക്ക് 1.10 ലക്ഷം കോടി രൂപ അനുവദിച്ചു. ഇതിൽ 1.7 ലക്ഷം കോടിയും പദ്ധതി ചിലവാണ്. കൊച്ചി ഫിഷിംഗ് ഹാർബർ വാണിജ്യ ഹബ്ബാക്കും. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം 2022ഓടെ പൂർത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.