arali

വീട്ടുമുറ്റത്ത് എപ്പോഴും പൂത്ത് വിടർന്നു നിൽക്കുന്ന അരളിച്ചെടി കാണുന്നത് തന്നെ ഒരു ഭംഗിയുള്ള കാഴ്‌ചയല്ലേ. അപ്പോൾ വരുമാനം കൂടി അതിൽ നിന്ന് ലഭ്യമായാലോ. ഭംഗിക്കൊപ്പം തന്നെ മികച്ച ആദായം നൽകുമെന്നതാണ് അരളിച്ചെടിയുടെ പ്രത്യേകത. വിപണിയിൽ ഏറെ ഡിമാൻഡുള്ള പൂവാണെന്നർത്ഥം.

പതി വച്ചാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. നടാനുദ്ദേശിക്കുന്ന കമ്പിന്റെ മുകൾഭാഗം നിരപ്പായും ചുവടുഭാഗം ചരിച്ചും വെട്ടിയും തയ്യാറാക്കണം. നടുമ്പോൾ കമ്പ് 3 സെന്റി മീറ്റർ താഴ്‌ചയിൽ വേണം നടാൻ. ഒരു മുകുളമെങ്കിലും മണ്ണിനടിയിൽ ആകാനും ശ്രദ്ധിക്കണം. പ്രധാന തടിയിൽ നിന്നുള്ള കമ്പുകൾ വേണം പതി വയ്‌ക്കാൻ തെരഞ്ഞെടുക്കേണ്ടത്.

കൃഷി ചെയ്യാനുദ്ദേശിക്കുന്ന കുഴിയ്‌ക്ക് അത്യാവശ്യം ആഴം വേണം. പതി വച്ച് മുളപ്പിച്ച തൈ കുഴിയിലേക്ക് ഇറക്കി വച്ച ശേഷം മേൽമണ്ണും ചാണക്കപ്പൊടിയും കലർത്തി കുഴി മൂടാം. നന്നായി വെയിൽ കിട്ടുന്ന പ്രദേശങ്ങളിൽ വേണം അരളി കൃഷി ചെയ്യാൻ. ആദ്യത്തെ ഒരു മാസത്തോളം ചെടിയ്‌ക്ക് നന ആവശ്യമാണ്.

ആറ് മാസത്തിലൊരിക്കൽ വളപ്രയോഗം നടത്താവുന്നതാണ്. ചെടി വളരുന്നതിനനുസരിച്ച് വളത്തിന്റെ അളവും വളം ചേർക്കേണ്ട അകലവും കൂട്ടണം. രാസവളം ഉപയോഗിക്കുന്നത് വഴി പൂക്കൾ അധികമായി കിട്ടുമെങ്കിലും ചെടികളിൽ നിന്നും അധികനാൾ നല്ല വിളവ് ലഭിക്കില്ല. അതുകൊണ്ട് തന്നെ അരളികൃഷിക്ക് ജൈവവളമാണ് നല്ലത്.

പൂക്കളുടെ എണ്ണം കുറഞ്ഞു തുടങ്ങുമ്പോൾ കൊമ്പു കോതിക്കൊടുക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുമ്പോൾ പുതിയ കിളിർപ്പുകൾ വരികയും അവ വേഗത്തിൽ വളർന്ന് പൂക്കളിടുകയും ചെയ്യും. വേനൽക്കാലത്താണ് അരളി ധാരാളമായി പൂക്കുന്നത്. സാധാരണയായി അരളിയെ കീടബാധകൾ ആക്രമിക്കാറില്ല.