agriculture

ന്യൂഡൽഹി: കേന്ദ്രബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് വമ്പൻ പ്രഖ്യാപനങ്ങൾ. 75,060കോടിയുടെ പ്രഖ്യാപനങ്ങളാണ് കാർഷിക മേഖലയിൽ ഉണ്ടായത്. വിവിധ കാർഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ൽ 1.72 ലക്ഷം കോടി ചെലവഴിക്കും.കർഷക വായ്പയ്ക്കായി 16.5 ലക്ഷം കോടിയും വകയിരുത്തിയിട്ടുണ്ട്. കർഷകരുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ധനമന്ത്രി വിളകൾക്ക് താങ്ങുവില ഉറപ്പാക്കി മുൻപോട്ട് പോകുമെന്നും വ്യക്തമാക്കി. കാർഷിക ചന്തകളുടെ അടിസ്ഥാനവികസനത്തിന് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43ലക്ഷം കർഷകർക്കുകൂടി ലഭിക്കും.പരുത്തി കർഷകർക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയും ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നൽകി. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണെമെന്നാവശ്യപ്പെട്ടുളള കർഷകരുടെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന അവസരത്തിൽ കർഷകരെ കൈയിലെടുക്കാൻ സഹായിക്കുന്നതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ.യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് മോദി​സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും മന്ത്രി പറഞ്ഞു.