ponmudi

കോടമഞ്ഞിന്റെ കുളിരാണ് സഞ്ചാരികളെ പൊന്മുടിയിലേക്ക് ആകർഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ പൊന്മുടിയിലേക്കെത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്. തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പൊന്മുടിയിലേക്ക് വണ്ടി പിടിക്കാവുന്നതാണ്.

പൊന്മുടിയുടെ ഭംഗി തുടങ്ങുന്നത് കല്ലാറിൽ നിന്നാണെന്ന് പറയാം. കല്ലാർ നദിയിലേയ്‌ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളൻ കല്ലുകളും പച്ചമരങ്ങളും കുളിരു കോരിയ വെള്ളവും വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാർ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

പൊന്മുടിയിലേക്കുള്ള യാത്രയ്‌ക്കിടയിൽ കാണുന്ന വള്ളിപ്പടർപ്പുകൾ മറ്റൊരു ആകർഷണമാണ്.

പൊൻമുടിയിലെ സർക്കാർ ഗസ്റ്റ്ഹൗസിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷൻ. മൂടൽമഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുൽമേടുകളും ചേർന്ന അവിസ്‌മരണീയമായ കാ‌ഴ്‌ചയാണ് ടോപ്‌സ്റ്റേഷനിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പൊന്മുടിക്ക് സമീപത്തായി കാടിനുള്ളിൽ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്ന ഗോൾഡൻ വാലിയും ആകർഷണമാണ്. 2000 അടി ഉയരത്തിൽ നിൽക്കുന്ന അഗസ്‌ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകർഷണം. മീൻമുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ്. സമീപത്തായി ബ്രൈമൂർ, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ഇതെല്ലാം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

എത്തിച്ചേരാൻ

തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര വഴി പൊന്മുടി എത്താം.