
ന്യൂഡൽഹി: കൊവിഡ് കാലത്ത് ബഡ്‌ജറ്റിലെ മുഖ്യ ലക്ഷ്യം പൗരന്മാരുടെ ക്ഷേമവും ആരോഗ്യവുമാണെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. വരുന്ന ആറ് വർഷത്തേക്ക് 64,180 കോടിയുടെ 'ആത്മനിർഭർ ഹെൽത്ത് പ്രോഗ്രാം' ധനമന്ത്രി പ്രഖ്യാപിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് അനുവദിക്കുന്ന തുകയ്‌ക്ക് പുറമേയായിരിക്കും ഇത്. ഇവ രണ്ടിനും ചേർത്ത് ആരോഗ്യമേഖലയ്‌ക്ക് രണ്ട് ലക്ഷം കോടിയുടെ പദ്ധതിവിഹിതമാണ് ലഭിക്കുക.
ആരോഗ്യമേഖലയിൽ കൊവിഡ് പ്രതിരോധത്തിന് രണ്ട് വാക്‌സിനുകൾ ഇന്ത്യയിൽ പൂർത്തിയായെന്നും മാത്രമല്ല വിവിധ രാജ്യങ്ങളിൽ ഈ വാക്‌സിനുകൾ അയച്ചുകൊടുക്കാനുമായെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് പത്ത് ലക്ഷത്തിൽ 112 മാത്രമാണെന്നും നിലവിലെ ആഗോള കൊവിഡ് മരണനിരക്കിൽ ഇത് വളരെ കുറവാണെന്നും നിർമ്മലാ സീതാരാമൻ അഭിപ്രായപ്പെട്ടു.
ഇത്തവണ മുൻപെങ്ങുമില്ലാത്ത വിധം ആരോഗ്യമേഖലയിലും ടെലിമെഡിസിനിലും മെഡിക്കൽ ഗവേഷണത്തിലും വികസനത്തിനും പ്രാമുഖ്യം നൽകുന്ന ബഡ്‌ജറ്റാണെന്നും കേന്ദ്രധനമന്ത്രി അറിയിച്ചിരുന്നു.