
രാജ്യത്തെ പിങ്ക് നഗരമായ ജയ്പൂർ സന്ദർശിക്കുന്ന ഏതൊരു വിനോദ സഞ്ചാരിയുടേയും യാത്ര ആംബർ കോട്ടയിലെ (Amer Fort) ആന സവാരിയോടെ മാത്രമേ പൂർണമാകുകയുള്ളൂവെന്നാണ് കാലാകാലങ്ങളായുളള വിശ്വാസം. എന്നാൽ ഇത്തരം വിനോദങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന മൃഗസ്നേഹികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിനോദഞ്ചാരികളുടേയും മൃഗസ്നേഹികളുടേയും ആവശ്യങ്ങൾ ഒരേപോലെ പരിഗണിച്ചുകൊണ്ട് ആന സവാരിക്ക് പകരം വെയ്ക്കാവുന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് പെറ്റ (People for the Ethical Treatment of Animals) എന്ന മൃഗസംരക്ഷണ സംഘടന.
അമേരിക്കൻ മൃഗ സംരക്ഷണ സംഘടനയായ പെറ്റ ആന സവാരിക്ക് പകരമായി രഥത്തിന്റെ മാതൃകയിലുളള ഇലക്ട്രിക് വാഹനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ ഡിസൈനിംഗ് കമ്പനിയായ ഡെസ്മാനിയയാണ് ഈ രഥങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. നാലുപേർക്ക് സഞ്ചരിക്കാനാകുന്ന ഈ വാഹനത്തിന് രാജകീയ രഥത്തിന്റെ ഓർമ ജനിപ്പിക്കുന്ന മഹാരാജ എന്ന പേരു നൽകണമെന്നാണ് പെറ്റ നിർദ്ദേശിച്ചിരിക്കുന്നത്. ആംബർ കോട്ടയിലെ മലയോര യാത്രയ്ക്ക് അനിയോജ്യമായരീതിയിലാണ് ഇലക്ട്രിക്ക് വാഹനം രൂപ കൽപന ചെയ്തിരിക്കുന്നത്.
ആംബർ കോട്ടയിൽ സവാരിക്കുപയോഗിക്കുന്ന ആനകൾക്കുനേരെ നടക്കുന്ന ക്രൂരതകൾ, ആനകൾ മൂലമുണ്ടായിട്ടുളള മരണങ്ങൾ, സ്വത്ത് നശിപ്പിക്കൽ എന്നിവയ്ക്ക് കാരണമായ സംഭവങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി പെറ്റ ഇന്ത്യ പ്രതിനിധികൾ ചീഫ് സെക്രട്ടറിക്ക് വസ്തുതാപത്രം സമർപ്പിക്കുകയും വിനോദസഞ്ചാരികളെയും പൊതുജനങ്ങളെയും സംരക്ഷിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ആനകൾക്ക് പകരം ഇലക്ട്രിക് വഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ സഞ്ചാരികൾക്കും ആനകൾക്കും ഒരുപോലെ രാജകീയ സത്കാരം ലഭിക്കുമെന്നും പെറ്റ ഇന്ത്യ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സവാരിക്കുപയോഗിക്കുന്ന നൂറോളം ആനകൾ ഹത്തിഗൺ എലിഫന്റ് വില്ലേജിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയിൽ പത്തിൽ ഒന്ന് എന്ന കണക്കിൽ ആനകൾ ട്യൂബർകുലോസിസ് ബാധിതരാണെന്ന് 2018 ൽ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷം നാലാനകൾ ചരിഞ്ഞതായും, ഇവയെ രോഗബാധിതരായശേഷവും യാത്രക്കുപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ആനകളെല്ലാം ബിഹാർ അടക്കമുളള സംസ്ഥാനങ്ങളിൽ നിന്നും നിയമവിരുദ്ധമായി ചെറുപ്രായത്തിലെ ഇവിടെ എത്തിച്ചിട്ടുളളവയാണ്.