
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി സഹായം നൽകി കേന്ദ്രസർക്കാർ. ബഡ്‌ജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ തിരഞ്ഞെടുപ്പ് ബഡ്‌ജറ്റെന്ന് വ്യക്തമായി സൂചന നൽകുന്നതായിരുന്നു ധനമന്ത്രിയുടെ അവതരണം. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ റോഡ് വികസനത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ചായിരുന്നു തുടക്കം.
കേരളത്തിൽ 1100 കിലോമീറ്റർ ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 600 കിലോമീറ്റർ മുംബയ്-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉൾപ്പെടുന്നു. 600 കോടിയാണ് ഇതിനായി മാറ്റിവച്ചത്. മധുര- കൊല്ലം ഉൾപ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ദേശീയ പാത വികസനത്തിന് കൂടുതൽ തുക നീക്കിവയ്‌ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന കേരളത്തിന് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിനു പുറമേ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ വകയിരുത്തിയതായും നിർമ്മല സീതാരാമൻ പറഞ്ഞു. 11.5 കിലോമീറ്ററാണ് മെട്രോയുടെ രണ്ടാംഘട്ടം. കേരളത്തിനും തമിഴ്നാടിനും പുറമെ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും കൈയയച്ചാണ് ദേശീയപാത വികസനത്തിനും മെട്രോകൾക്കുമായി പണം നൽകിയത്. ദേശീയ പാത വികസനത്തിനായി ബംഗാളിന് 25,000 കോടി രൂപയാണ് കേന്ദ്രം നൽകിയത്.
കൊച്ചി തുറമുഖത്ത് പുതിയ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. മത്സ്യബന്ധന തുറമുഖത്തെ വാണിജ്യ കേന്ദ്രമായി വികസിപ്പിക്കുമെന്ന വാഗ്ദാനമാണ് മന്ത്രി നൽകുന്നത്. കൊച്ചി ഉൾപ്പടെ അഞ്ച് ഹാർബറുകളാണ് ഇത്തരത്തിൽ വികസിപ്പിക്കുക. ബംഗാളിലേയും ആസാമിലേയും തേയില കർഷകർക്ക് ആയിരം കോടി നൽകാനും നിർമ്മല മറന്നില്ല. എന്നാൽ കേരളത്തിലെ തേയില കർഷകർക്ക് പണം നൽകാത്തതിൽ എം പിമാർ ബഹളം വച്ചു.
കേരളവും ബംഗാളും തമിഴ്‌നാടും അടക്കമുളളവ ബി ജെ പി അധികാരത്തിലെത്താനായി കൊതിക്കുന്ന സംസ്ഥാനങ്ങളാണ്. ഇവിടങ്ങളിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ഏതുവിധേനയും തിരഞ്ഞെടുപ്പ് ജയിച്ചുകയറാൻ പരിശ്രമിക്കുന്ന പാർട്ടിക്ക് വോട്ട് ലക്ഷ്യമിട്ടുളള രാഷ്ട്രീയ പ്രചാരണത്തിന് മുതൽക്കൂട്ടാകുന്ന പ്രഖ്യാപനങ്ങളാണ് ഇന്നത്തെ ബഡ്‌ജറ്റിൽ ഉടനീളമുളളത്.