myanmar

വാഷിംഗ്ടൺ: മ്യാൻമാറിൽ ഓങ്‌ സാൻ സൂചിയെയും പ്രസിഡന്റ് വിൻ മിന്റിനെയും ഉടൻ മോചിപ്പിക്കണമെന്ന കർശന നിർദ്ദേശവുമായി അമേരിക്ക. മ്യാൻമാറിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന് വൈ‌റ്റ്‌ഹൗസ് വക്താവ് ജെൻ സാക്കി അറിയിച്ചു. ഓങ് സാൻ സൂചിയെയും വിൻ മിന്റിനെയും മോചിപ്പിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് യു.എസ് ഭരണകൂടം മ്യാൻമാർ സൈന്യത്തിന് താക്കീത് നൽകി. ഇവരെ തടവിലാക്കി നിലവിൽ ഒരു വർഷത്തേക്ക് പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ് മ്യാൻമാർ സൈന്യം.

ഓങ് സാൻ സൂചിയ്‌ക്കും വിൻ മിന്റിനും പുറമേ നാഷണൽ ലീഗ് ഫോർ ഡെമോക്ര‌േറ്റിക് പാർട്ടി എക്‌സിക്യൂട്ടീവ് അംഗമായ പാൻ താർ മൈന്ററെയും നിരവധി പ്രധാന നേതാക്കളെയും പ്രവിശ്യാ മുഖ്യമന്ത്രിമാരെയും സൈന്യം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നവംബർ മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചിയുടെ പാർട്ടി തന്നെ വീണ്ടും വിജയിച്ചിരുന്നു. ഇവർ ഉടനെ അധികാരത്തിലെത്താനിരിക്കെയാണ് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കാട്ടി സൈനിക അട്ടിമറിയുണ്ടായിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള‌ള ശ്രമത്തെ എതിർക്കുകയും അപലപിക്കുകയും ചെയ്യുന്നതായി വൈ‌റ്റ്‌ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. മ്യാൻമാറിൽ ജനാധിപത്യ മാനദണ്ഡങ്ങളും നിയമവാഴ്‌ചയും പാലിക്കപ്പെടണമെന്നും സാക്കി അറിയിച്ചു. എന്നാൽ സൈനിക നടപടിയോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ജനങ്ങളോട് സൈന്യം പിന്തുണയ്‌ക്കുന്ന എൻ.എൽ.ഡിയുടെ വക്താവ് മയോ ന്യൂന്ത് അറിയിച്ചു.

നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ 476 സീ‌റ്റുകളിൽ 396ഉം നേടിയാണ് ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി വിജയിച്ചത്. സൈന്യം പിന്തുണച്ച യുഎസ്ഡിപിയ്‌ക്ക് നേടാനായത് 33 സീ‌റ്റുകൾ മാത്രമാണ്. തിരഞ്ഞെടുപ്പ് പരാജയം യുഎസ്‌ഡിപി അംഗീകരിക്കാതിരുന്നതിന് പിറകെയാണ് പട്ടാള അട്ടിമറിയിൽ നാഷണൽ ലീഗ് ഫോർ ഡമോക്രസി നേതാക്കൾ തടവിലായിരിക്കുന്നത്. 1962 മുതൽ 2011 വരെ പട്ടാള ഭരണത്തിലായിരുന്ന മ്യാൻമാറിൽ 2015ൽ നടന്ന തിരഞ്ഞെടുപ്പിലാണ് എൻഎൽഡി ഭരണത്തിലെത്തിയത്.