
ന്യൂഡൽഹി: കർഷകർക്ക് കൈനിറയെ. ആരോഗ്യമേഖലയ്‌ക്ക് ആവോളം. കൊവിഡിന്റെയും കർഷക പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ അതിജീവനത്തിന്റെയും അനുനയത്തിന്റെയും ഭാവമുൾക്കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബഡ്‌ജറ്റിൽ തിരഞ്ഞെടുപ്പ് ആസന്നമായ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അടിസ്ഥാന സൗകര്യവികസനത്തിന് ഉദാര വിഹിതം. ദേശീയപാതയ്‌ക്കും കൊച്ചി മെട്രോയ്‌ക്കും ഉൾപ്പെടെ കേരളത്തിനു മാത്രമായി ബഡ്‌ജറ്റിലുള്ളത് 70,000 കോടിയോളം രൂപ.
ബഡ്‌ജറ്റിന്റെ ആറ് തൂണുകളിൽ ആദ്യത്തേതായി ധനമന്ത്രി എടുത്തുകാട്ടിയ ആരോഗ്യ മേഖലയ്‌ക്ക് മൊത്തം 2.23 ലക്ഷം കോടി വകയിരുത്തി. മുൻ വർഷത്തേക്കാൾ 137% വർദ്ധന. പ്രധാനമന്ത്രി ആത്മനിർഭർ സ്വാസ്ഥ്യ ഭാരത് യോജന എന്ന പുതിയ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. ഇതിന് ആറു വർഷത്തേക്ക് 64,180 കോടി വകയിരുത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും 602 ജില്ലകളിലും മികച്ച ആരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയാണിത്. ഇന്ത്യയ്‌ക്ക് രണ്ടു കൊവിഡ് വാക്‌സിനുകൾ കൂടി ഉണ്ടാകും. വാക്‌സിനുകൾക്കായി മാത്രം വകയിരുത്തിയത് 35,000 കോടി.അതേസമയം, കർഷകക്ഷേമ പദ്ധതികൾക്ക് 75,060 കോടിയും16.5 ലക്ഷം കോടിയുടെ കാർഷിക വായ്പാ പദ്ധതിയും പ്രഖ്യാപിച്ചു. കർഷകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരും. വിവാദ കാർഷിക നിയമങ്ങളെക്കുറിച്ച് ബഡ്‌ജറ്റിൽ പരാമർശം പോലുമില്ലാത്തത് നിയമങ്ങൾ പിൻവലിക്കില്ലെന്നതിന് വ്യക്തമായ സൂചനയാണ്.
സാമ്പത്തിക വളർച്ചയ്‌ക്ക് മൂലധനച്ചെലവ് അഞ്ചര ലക്ഷം കോടിയായി കുത്തനെ ഉയർത്തിയ ബഡ്‌ജറ്റിൽ, സ്വയംപര്യാപ്തത നേടാനുള്ള ആത്മ നിർഭർ ഭാരത് പദ്ധതിയിൽ വിവിധ മേഖലകൾക്ക് വലിയ വിഹിതമുണ്ട്.ഇരുപത്തിയേഴ് നഗരങ്ങളിൽ ചെലവു കുറഞ്ഞ മെട്രോ റെയിൽ ആയ മെട്രോലൈറ്റ്, മെട്രോ നിയോ എന്നിവ നടപ്പാക്കും. റെയിൽവേയ്‌ക്ക് ഒരു ലക്ഷം കോടിയും വകയിരുത്തി. ആദായ നികുതി നിരക്കുകളിൽ മാറ്റമില്ല. 75 വയസു കഴിഞ്ഞവർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട. പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കി.
വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി ഇൻഷ്വറൻസ് നിയമം ഭേദഗതി ചെയ്യും. നിലവിലെ നിക്ഷേപ പരിധി 49 ശതമാനം മാത്രം. എൽ.ഐ.സിയുടെയും രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ ഈ വർഷം തന്നെ വിൽക്കും. 1.74 ലക്ഷം കോടിയാണ് ലക്ഷ്യം.
റെയിൽ, ബസ് സർവീസുകൾ മെച്ചപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല പദ്ധതിയിൽ ഒരു കോടി ആളുകൾക്കു കൂടി സൗജന്യ പാചക വാതക കണക്‌ഷൻ നൽകും. ഭവനരഹിതരെ സഹായിക്കാൻ ചെറുകിട ഭവന പദ്ധതികളുടെ നികുതി ഇളവ് ഒരു വർഷം കൂടി നീട്ടി. പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയും മദ്യത്തിന് നൂറു ശതമാനവും കാർഷിക സെസ് ചുമത്തി. ഇന്ധന വില കൂടില്ലെന്ന് ധനമന്ത്രി പറഞ്ഞു.
സ്വർണം, വെള്ളി, മദ്യം: കാർഷിക സെസ്
പെട്രോളിനും ഡീസലിനും പുറമെ സ്വർണം, വെള്ളി, മദ്യം, സംസ്ക്കരിക്കാത്ത പാമോയിൽ, സംസ്കരിക്കാത്ത സോയാബീൻ, സൺഫ്ളവർ ഓയിൽ, ആപ്പിൾ, കൽക്കരി, ചില ഇനം വളങ്ങൾ, കടല, പരിപ്പ്, പരുത്തി തുടങ്ങിയ ഉത്പ്പന്നങ്ങൾക്കും കാർഷിക സെസ് ചുമത്തിയിട്ടുണ്ട്.
സ്വർണത്തിനും വെള്ളിക്കും ഇറക്കുമതിക്ക് 2.5%, മദ്യത്തിന് 100%, പാമോയിലിന് 17.5%, ആപ്പിൾ - 35%, കൽക്കരി- 1.5%, യൂറിയ ഉൾപ്പെടെയുള്ള വളം - 5%, കോട്ടൺ 5 % എന്നിങ്ങനെയാണ് മറ്റു സെസുകൾ.ഇറക്കുമതി തീരുവ കുറച്ചതിനാൽ മിക്കവയുടെയും വില കൂടില്ല.
പ്രവാസികൾക്ക് ഇനി ഇരട്ടനികുതി ഭാരമില്ല
ന്യൂഡൽഹി: പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഇരട്ടനികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു. പ്രവാസികൾ ഇന്ത്യയിൽ നേടുന്ന വരുമാനത്തിന് നികുതി നൽകണമെന്ന നിബന്ധനയാണ് ഇതോടെ ഒഴിവാക്കുക. അതായത്, പ്രവാസികൾ ഇനി ഒരു രാജ്യത്ത് നികുതി ഒടുക്കിയാൽ മതി.കൊവിഡും സാമ്പത്തികമാന്ദ്യവും മറ്റും മൂലം തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ, അവരുടെ വിദേശ റിട്ടയർമെന്റിൽ നിന്നുള്ള വരുമാനത്തിനും നാട്ടിലെ വരുമാനത്തിനും നികുതി നൽകേണ്ടിവന്നിരുന്നു. ഇതാണ് ഒഴിവാക്കുന്നത്.
ഓഡിറ്റ് ചെയ്യേണ്ട അക്കൗണ്ട് പരിധി നിലവിൽ ഒരുകോടി രൂപയാണ്. 95 ശതമാനം ഇടപാടുകളും ഡിജിറ്റലാണെങ്കിൽ പരിധി അഞ്ചുകോടി രൂപയാണ്. ഈ പരിധി ബഡ്‌ജറ്റിൽ 10 കോടി രൂപയാക്കി.
ഒറ്റയാൾ കമ്പനിയും നേട്ടം
ഒറ്റയാൾ സ്റ്റാർട്ടപ്പുകൾക്ക് ഇൻസെന്റീവ് നൽകുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിന്, മൂലധനമോ വിറ്റുവരവോ പരിഗണിക്കില്ല. മടങ്ങിവരുന്ന പ്രവാസികൾക്ക് ഇത് ഗുണം ചെയ്യും.
120 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങുന്നവർക്ക് ഒറ്റയാൾ കമ്പനി (വൺ പേഴ്സൺ കമ്പനി) തുടങ്ങാം. നേരത്തേ പരിധി 182 ദിവസമായിരുന്നു.
ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബഡ്‌ജറ്റിന്റെ ഹൃദയം.യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ കണ്ടെത്തിയും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബഡ്ജറ്റിനുള്ളത്.
-പ്രധാനമന്ത്രി നരേന്ദ്ര മോദി.