avatar-hills

‘ഹല്ലേലുയാ കുന്നുകൾ’. അവതാർ സിനിമ കണ്ടവരുടെയെല്ലാം ഹൃദയത്തിൽ ഇടംനേടിയ ഒരു മായാലോകമാണത്. പല രൂപത്തിലുള്ള മൂവായിരത്തോളം സൂചിമലകൾ 12,​000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. ഈ അപൂർവ ഭൂപ്രകൃതി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. കൊച്ചു പട്ടണമാണെങ്കിലും ചെലവു കുറഞ്ഞ യൂത്ത് ഹോസ്റ്റലുകൾ മുതൽ ആഡംബര റിസോർട്ടുകൾ വരെ വൂളിംഗ് യുവാനിലുണ്ട്. വിനോദസഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നൊരു പ്രദേശമാണ് ചൈനയിലെ വൂളിംഗ് യുവാൻ പട്ടണത്തിലെ കാഴ്ചകൾ. തെക്ക്കിഴക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ വൂളിംഗ്യുവാൻ പട്ടണത്തിലാണ് ‘ഹല്ലേലുയാ കുന്നുകൾ’ സ്ഥിതി ചെയ്യുന്നത്.

ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ചു മാറി മലയോട് ചേർന്ന് മുകളറ്റം വരെ പോവുന്നൊരു പടുകൂറ്റൻ ലിഫ്റ്റുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഔട്ട്‌ഡോർ ലിഫ്റ്റാണ് ഈ ബൈലോംഗ് എലിവേറ്റർ.

330 മീറ്റർ ഉയരത്തിലെത്തുന്ന വിധം ഗ്ലാസും സ്റ്റീലും ഉപയോഗിച്ചാണ് ഈ ലിഫ്റ്റ് നിർമ്മിച്ചിട്ടുള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഈ ലിഫ്റ്റ് ഇടംനേടിയിട്ടുണ്ട്. മൂന്ന് ഗിന്നസ് റെക്കോഡുകളും ഈ ലിഫ്റ്റിനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫുൾ എക്സ്പോഷർ ഔട്ട് ഡോർ എന്ന റെക്കോഡും ഈ ലിഫ്റ്റിന് സ്വന്തമാണ്. ആകാശത്തേക്ക് കയറിപ്പോകുന്ന അനുഭവമാണ് ഈ ലിഫ്റ്റ് സമ്മാനിക്കുന്നതെന്നാണ് യാത്ര ചെയ്തവർ പറയുന്നത്. താഴ് ഭാഗത്ത് നിന്ന് ലിഫ്റ്റിൽ കയറിയാൽ കുന്നിന്റെ മുകളിൽ എത്താൻ 88 സെക്കന്റുകൾ മാത്രം മതി. ഇതിനായി മൂന്ന് ഡബിൾ ഡക്കർ എലിവേറ്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓരോ തവണയും 50 ഓളം യാത്രക്കാർക്ക് ഇതിൽ സഞ്ചരിക്കാൻ കഴിയും. 4900 കിലോഗ്രാം ഭാരം വഹിക്കാൻ ഈ ലിഫ്റ്റിന് ശേഷിയുണ്ട്. മൂന്ന് വർഷം കൊണ്ട് പണികഴിപ്പിച്ച ഈ ലിഫ്റ്റിന്റെ നിർമ്മാണം 1999 ലാണ് ആരംഭിച്ചത്.

മലമുകളിൽ ലിഫ്റ്റ് ചെന്നു നിൽക്കുന്ന ഭാഗമാണ് യുവാൻജ്യാജ്യെ. ഇവിടെ നിന്ന് ഏതു ദിക്കിലേക്ക് നോക്കിയാലും പെൻസിൽ പോലെ പൊന്തി നിൽക്കുന്ന കുന്നുകൾ കാണാം.അത്തരത്തിൽ ഒരു കിലോമീറ്ററോളം ഉയരം വരുന്ന ഒരു നെടുനീളൻ സൂചിമലയാണ് ഹല്ലേലുയാ മല. മുകളറ്റത്തേക്കാൾ വീതി കുറഞ്ഞ താഴ്ഭാഗമാണ് ഈ മലയുടെ സവിശേഷത. ആഞ്ഞ് ഉൗതിയാൽ എതിർ വശത്തേക്ക് മറിഞ്ഞു വീഴും എന്ന് തോന്നിക്കുന്ന വിധത്തിലാണ് മലയുടെ നിൽപ്പ്. കാട്ടിൽ മൂടൽമഞ്ഞു പരക്കുന്ന ദിവസങ്ങളിൽ ഇവിടെ നിന്ന് നോക്കിയാൽ ഈ കുന്ന് വായുവിൽ പൊങ്ങി നിൽക്കുകയാണെന്നേ തോന്നൂ. അവതാർ സിനിമയുടെ നിർമ്മാണഘട്ടത്തിൽ അതിലെ ഗ്രാഫിക്സ് ഡിസൈൻ ടീം ഈ മല വന്നു കണ്ടു പഠിച്ചിട്ടാണ് സ്ക്രീനിൽ ഹല്ലേലുയാ കുന്നുകൾ സൃഷ്ടിച്ചത്. സിനിമ ചരിത്രവിജയം ആയതോടെയാണ് വൂളിംഗ്യുവാൻ കുന്നുകൾ ഹല്ലേലുയ കുന്നുകളായത്.