
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പുതുതായി ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തിൽ സന്ദർശകർ വലയുന്നതിനിടെ പ്രവേശന കവാടങ്ങൾ നിയന്ത്രിക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 1.95 കോടിയാണ് ഇതിനായി സർക്കാർ ചെലവിടുക.
സംവിധാനം ഇങ്ങനെ
സെക്രട്ടേറിയറ്റിലേക്കുള്ള നാല് ഗേറ്റുകളുടെ നിയന്ത്രണവും രണ്ട് അനക്‌സുകളിലേക്കുമുള്ള പ്രവേശന കവാടങ്ങളും നിയന്ത്രിക്കുക ഇലക്ട്രോണിക് സംവിധാനം വഴിയാകും. ജോലിക്കിടെ ജീവനക്കാർ പുറത്തു പോവുകയും തിരികെയെത്തുകയും ചെയ്യുന്നതും രേഖപ്പെടുത്തും. ജീവനക്കാർക്ക് ഇപ്പോഴുള്ള അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം വഴി ഇതു ശമ്പള ഇടപാടിന്റെ സ്‌പാർക്ക് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കും. നിശ്ചിത സമയം ജോലി ചെയ്തില്ലെങ്കിൽ അതും രേഖപ്പെടുത്തും. ശമ്പളം നഷ്ടപ്പെടാതിരിക്കാൻ ദിവസം ഏഴ് മണിക്കൂർ ജോലി ചെയ്തേ മതിയാകൂ. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന സംവിധാനം കെട്ടിടത്തിന്റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും.
കയറാനും ഇറങ്ങാനും കാർഡ് വേണ്ടി വരും. പുറത്തിറങ്ങിയാൽ തിരിച്ചു കയറുന്നതു വരെയുള്ള സമയം ഹാജരിൽ കുറയ്ക്കും. വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന സന്ദർശകർക്ക് ക്യൂ ആർ കോഡുള്ള തിരിച്ചറിയൽ കാർഡുകളാണ് നൽകുക. ഇവർ എവിടെയൊക്കെ പോകുന്നുവെന്നും മറ്റും കൃത്യമായി നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ് ഇലക്ട്രോണിക് സംവിധാനം ഒരുക്കുന്നത്. ഇതുകൂടാതെ നാല് ഗേറ്റുകളിലും അനക്സ് കവാടങ്ങളിലും വാഹന നിയന്ത്രണത്തിനായി ബൂം ബാരിയറുകളും സ്ഥാപിക്കും.
നിലവിൽ കേന്ദ്ര വ്യാവസായിക സേനയുടെ സുരക്ഷ സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ സ്ഥിരമായുള്ള പൊലീസ് സുരക്ഷ കൂടാതെയാണ് 80 പേരടങ്ങുന്ന സി.ഐ.എസ്.എഫ് ജവാന്മാരുടെ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് അത്യാധുനിക തോക്കുകളും നൽകിയിട്ടുണ്ട്. സമരഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾക്ക് കൻോൺമെന്റ് ഗേറ്റിലൂടെയാണ് പ്രവേശനം. വൈ.എം.സി.എ ഗേറ്റിൽ കൂടി വാഹനങ്ങൾ ഉള്ളിലേക്ക് കടത്തിവിടുന്നില്ല.
സൗത്ത് ഗേറ്റിൽ കർശന സൂക്ഷ്മപരിശോധനയുണ്ട്. തിരിച്ചറിയൽ കാർഡ് കാണിച്ച് അത് ബോദ്ധ്യപ്പെട്ടാലേ അകത്ത് വിടൂ. ആരെ കാണാനാണോ എത്തുന്നത് ആ ഉദ്യോഗസ്ഥന്റെ അനുമതി വേണം. സന്ദർശകന്റെ പേരും മൊബൈൽ നമ്പരും ഒപ്പും രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് സെക്രട്ടേറിയറ്റിലേക്ക് കടത്തി വിടുന്നത്. ഇത് കടന്ന് സെക്രട്ടേറിയറ്റിന്റെ വിവിധ സെക്ഷനുകളിലേക്ക് പോകണമെങ്കിൽ പിന്നെയും കടമ്പകളേറെയാണ്. പൊതുജനങ്ങളെ മാത്രമല്ല, ജീവനക്കാരെയും തടഞ്ഞുനിറുത്തി കർശന പരിശോധന നടത്തിയാണ് അകത്തേക്ക് വിടുന്നത്.
വൈകിട്ട് മൂന്നു മുതൽ 5 വരെ സന്ദർശകർക്ക് സെക്രട്ടേറിയറ്റിൽ നേരത്തെ രണ്ട് ഗേറ്റ് വഴി പ്രവേശനമുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ് കാണിച്ച് പാസ് എടുത്തായിരുന്നു ഇത്. പോകുന്ന ഓഫിസ് ഏതെന്നു പറയണം. അല്ലാതെ, ആ ഓഫീസിന്റെ മുൻകൂർ അനുമതി വേണ്ടായിരുന്നു. മന്ത്രിമാരുടെ ഓഫീസിലും ഇതുപോലെ പൊതുജനത്തിനു പ്രവേശിക്കാമായിരുന്നു. അത്തരം സൗകര്യങ്ങളെല്ലാം പുതിയ നിയന്ത്രണം കൊണ്ട് ഇല്ലാതായിട്ടുണ്ട്.