
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം മലയാളികൾക്ക് എന്നും കൗതുകമാണ്; പ്രത്യേകിച്ച് തെക്കൻ കേരളീയർക്ക്. രാജഭരണം മാറി ജനാധിപത്യം നിലവിൽവന്നിട്ടും തിരുവിതാംകൂർ രാജവംശത്തിന്റെ പിന്മുറക്കാരോടുള്ള സ്നേഹവും വിശ്വാസവും വലിയൊരു വിഭാഗത്തിന് ഇനിയും കൈമോശം വന്നിട്ടില്ല. തിരിച്ചും അങ്ങനെ തന്നെയാണ്. തിരുവനന്തപുരം നഗരത്തിന്റെ ഏതൊരു കാര്യത്തിലും രാജകുടുംബത്തിന്റെ സാന്നിധ്യം പ്രകടമാണ്.
പൂർവികർ ഒരുകാലത്ത് അടക്കിവാണിരുന്നുവെന്നതിലുപരി തിരുവിതാംകൂറിനെ കുറിച്ചുള്ള പ്രിയപ്പെട്ട ഓർമ്മകൾ കവടിയാർ കൊട്ടാരം എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു. അത്തരത്തിലൊന്ന് പങ്കുവയക്കുകയാണ് പൂയം തിരുനാൾ ഗൗരി പാർവതി ബായി. വിദേശത്തു നിന്ന് യാത്ര കഴിഞ്ഞ് വരുമ്പോഴെല്ലാം വിമാനത്തിൽ വലതുവശത്തെ വിൻഡോ സീറ്റിൽ ഇരിക്കാനാണ് തങ്ങൾ ഏറെ ആഗ്രഹിക്കാറുള്ളതെന്ന് പാർവതി ബായി പറയുന്നു. അതിന്റ കാരണവും.
ഗൗരി പാർവതി ബായിയുടെ വാക്കുകൾ-
'ദൂരേക്ക് എവിടെ യാത്ര പോയാലും തിരിച്ചുവരുമ്പോൾ അതിന്റെയൊരു സന്തോഷം മനസിലുണ്ടാകുമായിരുന്നു. അന്നൊക്കെയാണെങ്കിൽ തെങ്ങുമാത്രമേ കാണാനുള്ളൂ. കേരളത്തിലേക്ക് കടന്നുകഴിഞ്ഞാൽ നമുക്കറിയാം കേരളമാണെന്ന്. താഴേക്ക് നോക്കുമ്പോൾ മുഴുവൻ പച്ചപ്പാണ്. വിദേശത്ത് നിന്ന് തിരികെ എത്തുമ്പോൾ വിമാനത്തിൽ വലതുവശത്തെ വിൻഡോ സീറ്റിലാണ് ഞങ്ങൾ ഇരിക്കാറ്. എന്തിനെന്നുവച്ചാൽ, അത് കറങ്ങി വന്ന് തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുമ്പോൾ പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം നമുക്ക് കാണാൻ സാധിക്കും. അത് കാണുമ്പോൾ തിരികെ നമ്മൾ നാട്ടിലെത്ത് എന്ന ചാരിതാർത്ഥ്യം മനസിൽ നിറയും'.