
ന്യൂഡൽഹി: കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ഏറ്റവുമധികം തുക പ്രതിരോധരംഗത്ത് നീക്കിവച്ച ബഡ്‌ജറ്റായി ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച 2021-22 വർഷത്തെ കേന്ദ്ര ബഡ്‌ജറ്റ്. ആകെ 4.78 ലക്ഷം കോടി രൂപയാണ് പ്രതിരോധ മന്ത്രാലയത്തിന് ബഡ‌്‌ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. ഇതിൽ 1.35 ലക്ഷംകോടി മൂലധന ചിലവുകൾക്കാണ്.
' ഈ വർഷത്തെ ബഡ്‌ജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് കൂടുതൽ പണം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ധനമന്ത്രി നിർമ്മലാ സീതാരാമനും നന്ദി അറിയിക്കുന്നു. പ്രതിരോധ മൂലധനത്തിൽ 19 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ ഇങ്ങനെ ഏറ്റവുമധികം തുക വകയിരുത്തിയത് ഈ വർഷമാണ്.' പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണത്തിനും തൊഴിലുകൾ സൃഷ്‌ടിക്കുന്നതിനും മൂലധന രൂപീകരണത്തിനും ബഡ്‌ജറ്റ് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡാനന്തരം ഒരു പുതിയ ലോകക്രമം ഉണ്ടാകുകയാണെന്നും ഇന്ത്യയ്‌ക്ക് അതിൽ മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിനിടെ അഭിപ്രായപ്പെട്ടു. ഏവർക്കും വേണ്ടിയുളളതാണ് ഈ ബഡ്‌ജറ്റെന്നും ഗ്രാമീണ ഇന്ത്യയെയും കർഷകനെയും മനസിൽ കരുതിക്കൊണ്ടാണ് ഇത് തയ്യാറാക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.