
തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റ് വികസന കുതിപ്പിന് ഗതിവേഗം നൽകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബഡ്‌ജറ്റ് കേരളത്തിന് അനുഗ്രഹമാണ്. കേരളത്തിന്റെ വളർച്ചക്കും വികസനത്തിനും സഹായകമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് നിന്ന് എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്ന കാലത്തു പോലും ഇത്തരം സഹായമുണ്ടായിട്ടില്ല. തോമസ് ഐസക്കും കൂട്ടരും കണ്ണ് തുറന്ന് ഇത് കാണണം. മോദി സർക്കാരിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണം. കേന്ദ്രസർക്കാരിനെ പരസ്യമായി അഭിനന്ദിക്കാൻ പിണറായി വിജയനും തോമസ് ഐസക്കും തയ്യാറാകണം. തോമസ് ഐസക് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിൽ കേരളം പരാജയമാണ്. രാജ്യത്തെ രോഗികളിൽ പകുതിയിലേറെയും കേരളത്തിലാണ്. സംസ്ഥാനവും കേന്ദ്രവും ചിലവഴിച്ച തുക എത്രയെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണം. മുസ്ലീം ലിഗ് പറയുന്നതനുസരിച്ച് കോൺഗ്രസ് തുളളുകയാണ്. സി പി എമ്മും കോൺഗ്രസും വർഗീയ പ്രീണനം നടത്തുന്നു. ശബരിമല വിഷയത്തിൽ യു ഡി എഫ് നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്. അത് വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുളള ശ്രമമാണ്. ശബരി പാതക്ക് തുരങ്കം വച്ചത് ഉമ്മൻ ചാണ്ടിയാണ്. അതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.