
ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിനിടെ കേന്ദ്ര സർക്കാരിനും കാർഷിക ബില്ലുകൾക്കുമെതിരെ നിരന്തരം ട്വീറ്റ് ചെയ്‌ത കിസാൻ ഏക്‌താ മോർച്ചയുടെയും 'ദി കാരവാൻ' വാരികയുടെയും മറ്റ് കുറച്ച് അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ ഈ അക്കൗണ്ടുകൾ നിരോധിക്കാത്തതിനെ ചോദ്യം ചെയ്‌ത് ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് നടപടി. പ്രത്യേക ഹാഷ്‌ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്‌തിരുന്ന 250അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. തെറ്റായതും പ്രകോപനപരവുമായ ട്വീറ്റുകൾ പ്രചരിപ്പിച്ചതുകൊണ്ടാണ് ഈ നടപടിയെടുത്തതെന്ന് ട്വിറ്റർ അധികൃതർ ജനുവരി 30ന് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിയമ മന്ത്രാലയവും ആവശ്യപ്പെട്ടതനുസരിച്ചാണ് ട്വിറ്റർ നടപടി. എന്നാൽ ഈ ഹാഷ്‌ടാഗ് ഉപയോഗിക്കാതെ തന്നെ കാർഷിക നിയമത്തിന്റെ പേരിൽ ധാരാളം ട്വീറ്റുകൾ ഇപ്പോൾ പ്രചരിക്കുകയാണ്. ഡൽഹി അതിർത്തിയിൽ കർഷകർ സമരം ചെയ്യുന്നിടത്ത് ഇന്റർനെറ്റ് നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. കാരവാൻ മാഗസീന്റെ അക്കൗണ്ട് നിരോധിച്ചെന്ന് എഡിറ്റർ വിനോദ് ജോസ് ട്വിറ്ററിലൂടെ അറിയിച്ചു. ട്വിറ്ററിന്റെ നടപടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധമുയർന്നു.
വർഗീയത ഇളക്കിവിടുന്നെന്ന കാരണത്താൽ യു.പി പൊലീസ് മുൻപ് ക്യാരവാൻ എഡിറ്റർ വിനോദ് ജോസ്. ദി വയർ എഡിറ്രർ സിദ്ധാർത്ഥ് വരദരാജൻ, ഇന്ത്യ ടുഡേയിൽ നിന്നുളള രാജ്‌ദീപ് സർദേശായി എന്നിവർക്കെതിരെ കേസെടുത്തിരുന്നു.