
സൺഗ്ലാസുകൾ കഴിഞ്ഞാൽ പിന്നെ കണ്ണട ലോകത്തിൽ മുന്നിട്ടുനിൽക്കുന്നത് ആന്റിഗ്ലെയർ ഗ്ലാസുകളാണ്. വാഹന മോടിക്കുമ്പോഴും കമ്പ്യൂട്ടറിൽ കണ്ണുനട്ടിരിക്കുമ്പോഴും കണ്ണിന് രക്ഷ പകരാനുള്ളതാണ് ഇവ. കാര്യം കണ്ണിന്റെ രക്ഷയ്‌ക്കാണെങ്കിലും സൗന്ദര്യബോധത്തിൽ യാതൊരു കുറവുമില്ല. ചില്ലിന്റെ കാര്യത്തിൽ മാത്രമാണു മാറ്റമുള്ളത്. ഗ്ലാസിൽ വല്ലാത്ത വർണപരീക്ഷണങ്ങൾ കുറവാണ്. ഇതിന്റെ പ്രയോജനവശം കൂടി നോക്കിയായിരിക്കണം ഇത്. കമ്പ്യൂട്ടറും വാഹനങ്ങളും എല്ലാം വർദ്ധിച്ചതോടെ ഇത്തരം കണ്ണടകൾക്കും ഡിമാൻഡ് വർദ്ധിക്കുകയാണ്. കട്ടി ഫ്രെയിം ഉള്ളവയും വർണ്ണക്കാലുകളുള്ളവയും പിന്നെ ഫ്രെയിമൊന്നും ഇല്ലാത്തവയുമായ കാലുകൾ നൂലുപോലെയുള്ളവയുമെല്ലാം ഇതിൽ കാണാം. എന്നാലും സൺഗ്ലാസുകളോളം വരില്ല ഇവ.
കണ്ണടകളിൽ ഏറ്റവും അധികം സിമ്പിളൻമാർ ഉള്ളത് ആന്റിഗ്ലെയർ ഇനത്തിലാകും. പേരിനുമാത്രമുള്ള ഫ്രെയിമുകളും നൂലുപോലുള്ള കാലും എല്ലാം ഇവയെ സുന്ദരൻമാരാക്കുന്നു. ചിലതിന്റെ ചില്ലിന് തെളിമയുണ്ട്. മറ്റു ചിലതിനാകട്ടെ ചെറിയ ഒരു നിഴൽ നിറവും. കാണാൻ സിമ്പിളാണെങ്കിലും വില അത്ര സിമ്പിളല്ല ഇവയ്ക്ക് പലതിനും. 1,499 രൂപയാണ് ഇവയിൽ ഒന്നിന്റെ വില. മറ്റൊന്നിനാകട്ടെ രണ്ടായിരത്തി അഞ്ഞൂറുരൂപയും. കാലിൽ ചെറിയ നിറവ്യത്യാസത്തോടെ പലതും കൂടുതൽ സുന്ദരൻമാരാകുന്നു. കട്ടി ഫ്രെയിമുകളും നിറം മുക്കിയ കാലുകളുമുള്ള കണ്ണടകളും ഈ ഇനത്തിലുമുണ്ട്. ആയിരത്തി അഞ്ഞൂറു രൂപയ്‌ക്കു മുകളിൽ ഇവയ്‌ക്കും വിലയുണ്ട്. പാരമ്പര്യ വാദികളും ഫാഷൻ താരങ്ങളും എല്ലാം ഇവയ്‌ക്കിടയിലും ഉണ്ട്.