ee

എല്ലാ കുഞ്ഞുങ്ങളും ഒരേ പ്രായത്തിൽ സംസാരിച്ചു തുടങ്ങില്ല. സാധാരണഗതിയിൽ മൂന്നുമാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങൾ പ്രത്യേകതരത്തിലുള്ള ശബ്‌ദങ്ങളുണ്ടാക്കുന്നത്. പ്രത്യേകിച്ച് അർത്ഥമൊന്നും ഇത്തരം ശബ്‌ദങ്ങൾക്കുണ്ടാവില്ല. ആറുമാസം കഴിയുന്നതോടെ അൽപ്പം കൂടി ശബ്‌ദങ്ങളുണ്ടാക്കിയേക്കും. പത്ത് മാസമാകുമ്പോഴേക്കും അവരുടേതായ ആവശ്യങ്ങൾക്കു വേണ്ടി ശബ്‌ദമുണ്ടാക്കിത്തുടങ്ങും. അവരുടെ വിചാരങ്ങൾ അമ്മമാർക്ക് കൃത്യമായി മനസിലാക്കാനും സാധിക്കും. രണ്ട് വയസിനുള്ളിൽ കുഞ്ഞുങ്ങൾ കൊഞ്ചലോടെ സംസാരിച്ചു തുടങ്ങും.

ചില കുഞ്ഞുങ്ങൾ വൈകിയേ സംസാരിക്കൂ. ഒന്നരവയസാകുമ്പോഴും കുഞ്ഞ് സംസാരിച്ചു തുടങ്ങുന്നില്ല എന്നു കാണുമ്പോൾ അച്‌ഛനമ്മമാർ ഉത്കണ്ഠാകുലരാകാറുണ്ട്. അതുകൊണ്ട് ഇരിക്കുന്നതിനും കമിഴ്ന്ന് വീഴുന്നതിനും നിൽക്കുന്നതിനും നടക്കുന്നതിനുമൊക്കെ വലിയ താമസമുണ്ടായിട്ടില്ലെങ്കിൽ സംസാരിക്കാൻ വൈകുന്നതിലും ടെൻഷനടിക്കേണ്ടതില്ല. സംസാരിക്കാൻ വൈകുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം മനസിലാക്കേണ്ട ഏറ്റവും നിർണായകമായ കാര്യം കുഞ്ഞിന്റെ കേൾവിക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കണമെന്നാണ്. കേൾവിക്കുറവുള്ള കുട്ടികൾക്ക് സംസാരിക്കാൻ ഏറെ പ്രയാസമുണ്ടാകും.