
തിരുവനന്തപുരം: നഗരത്തിലെ ചരിത്രപ്രധാനമായ ഇടങ്ങളിലൊന്നായ പുത്തരിക്കണ്ടം മൈതാനം മാലിന്യമലയായി തീർന്നിരിക്കുന്നു. ആമയിഴഞ്ചാൻ തോടിൽ നിന്ന് കോരിമാറ്റിയ മാലിന്യങ്ങൾ നിക്ഷേപിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ ചരിത്രം പേറുന്ന പുത്തരിക്കണ്ടത്തിന് ഈ ഗതി വന്നത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിന് നഗരസഭ സ്വകാര്യവ്യക്തിയ‌്ക്ക് കരാർ നൽകിയിരുന്നു. കരാറുകാരൻ തോടിലെ മാലിന്യങ്ങൾ കൊണ്ടുവന്നിട്ടത് പുത്തരിക്കണ്ടത്തും. ഇതിനിടയ‌്ക്ക് കൊവിഡ് വന്നതോടുകോടി പ്രവർത്തനവും നിലച്ചു. എന്നാൽ ഇപ്പോൾ ഇവിടെ നിന്ന് മാലിന്യം നീക്കുന്നതിന് കരാറുകാരനും ഉത്സാഹമില്ല. തങ്ങൾക്കിതിൽ ഏതൊരുവിധ ഉത്തരവാദിത്തവും ഇല്ല എന്ന മട്ടിലാണ് കോർപ്പറേഷന്റെ സമീപനം.
നിലവിൽ ആമയിഴഞ്ചാൻ തോട് വൃത്തിയായതുമില്ല, പുത്തരിക്കണ്ടം മാലിന്യമലയായി തീരുകയും ചെയ‌്തു എന്ന അവസ്ഥയാണുള്ളത്. സ്‌റ്റേജിലും പടിക്കെട്ടിലുമടക്കം കാടുംപടർപ്പും വളർന്നു. രണ്ടാൾ പൊക്കത്തിലാണ് മൈതാനത്തിന്ചുറ്റും മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. ഉപേക്ഷിച്ച മാലിന്യങ്ങളിൽ നിന്ന് പച്ചക്കറികളും തിളിർത്തുനിൽപ്പുണ്ട്. കൊവിഡിന് മുമ്പ് സമ്മേളനങ്ങളും മറ്റു പരിപാടികളിലുമായി ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നൽകികൊണ്ടിരുന്ന സാമ്പത്തിക സ്രോതസിനെ കൂടിയാണ് തിരുവനന്തപുരം നഗരസഭ പൂർണമായും തിരസ്‌കരിച്ചിരിക്കുന്നത്.
പദ്‌മനാഭസ്വമി ക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് പുത്തരിക്കണ്ടം മൈതാനത്തിന്റെ ചരിത്രം. മതിലകം രേഖകളിലടക്കം പുത്തരിക്കണ്ടത്തെ കുറിച്ച് പരാമർശമുണ്ട്. ഒരുകാലത്ത് ക്ഷേത്രത്തിലേക്ക് ആവശ്യമായ നിറപുത്തരിനെല്ല് വിളവെടുത്തിരുന്നത് ഇവിടെ നിന്നായിരുന്നു. പിന്നീട് കാലക്രമേണ ആചാരം നിന്നുപോയപ്പോൾ ചതുപ്പായി കിടന്ന പ്രദേശം തിരുവനന്തപുരം കോർപ്പറേഷൻ വ്യാവസായിക ആവശ്യത്തിന് മണലിട്ട് നികത്തുകയും, അടുത്തകാലംവരെ പ്രതീകാത്മകമായി നെൽകൃഷി നടത്തി വരികയും ചെയ‌്തിരുന്നു. തിരുവനന്തപുരത്തിന്റെ ഐതിഹ്യവും ചരിത്രവും ഇഴചേർന്നുകിടക്കുന്ന പുത്തരിക്കണ്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നഗരവാസികളും ദുഖിതരാണ്.
'ഇക്കഴിഞ്ഞ കോർപ്പറേഷൻ കൗൺസിലിൽ പുത്തരിക്കണ്ടത്തിന്റെ ദുരവസ്ഥ ഉന്നയിച്ചിരുന്നു. എന്നാൽ യാതൊരുവിധ പരിഗണനയും മേയറുടെ ഭാഗത്തുനിന്നുണ്ടായില്ല. പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന പ്രദേശത്തിന് ഈ അവസ്ഥവന്നതിൽ ഭക്തർക്കും ഏറെ വിഷമമുണ്ട്. ഇനിയും നടപടിയുണ്ടായില്ലെന്നുണ്ടെങ്കിൽ മൈതാനത്തിന് മുൻപിൽ ചെന്നിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം'-
സിമി ജ്യോതിഷ്, ചാല വാർഡ് കൗൺസിലർ.