tea

ഇന്ത്യയിൽ ആഹാരം ഉണ്ടാക്കാൻ അറിയാത്ത വലിയൊരു ശതമാനം പേരുണ്ടെങ്കിലും ചായ ഉണ്ടാക്കാനറിയാത്തവർ ചുരുക്കമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കുടിക്കുന്ന പാനീയങ്ങളിലൊന്ന് ചായയാണ്. അതേസമയം തുർക്കി, അയർലൻഡ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ചായയ്ക്ക് ആരാധകരേറെയാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ചായ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് തുർക്കി. പ്രതിവർഷം തുർക്കിയിലെ ഓരോ പൗരനും 6.96 പൗണ്ട് അഥവാ 3.16 കിലോ ചായപ്പൊടി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം ബ്രിട്ടീഷുകാരാകട്ടെ പ്രതിവർഷം 4.26 പൗണ്ട് അഥവാ 1.96 കിലോയാണ് ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാർ ഇത്രയും ചായ കുടിക്കുന്നുണ്ടെങ്കിലും രാജ്യത്തെ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ചായ ശരിയായ രീതിയിൽ ഉണ്ടാക്കാനറിയാവുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ടിക് വാച്ച് രണ്ടായിരത്തോളം പേർക്കിടയിൽ നടത്തിയ സർവേയിലാണ് ഇത്തരമൊരു രസകരമായ കണക്ക് പുറത്തുവന്നിരിക്കുന്നത്.

സർവേയിൽ അൻപതുപേരിൽ ഒരാൾ മാത്രമാണ് കൃത്യമായ സമയം ചായ തിളപ്പിച്ചത്. ഭൂരിഭാഗം പേരും ടീ ബാഗ് ഒരു മിനിറ്റും പത്തു സെക്കന്റും കപ്പിൽ നിക്ഷേപിച്ചിരുന്നതായി സർവേയിൽ പറയുന്നു. അതേസമയം തങ്ങളുടെ പഠനം കാണിക്കുന്നത് ഭൂരിഭാഗം പേരും വിദഗ്ദ്ധ നിർദേശങ്ങൾക്കനുസൃതമായല്ല ചായയുണ്ടാക്കുന്നതെന്നും രുചിയുണ്ടോ എന്നതാണ് പ്രധാനമെന്നും ടിക് വാച്ച് കമ്പനി മാനേജിംഗ് ഡയറക്ടർ ഡാനി റിച്ച്മണ്ട് പറഞ്ഞു.