
മലപ്പുറം: കുതിരയോട്ട മത്സരവും കുതിരകളുടെ സൗന്ദര്യമത്സരവും സംഘടിപ്പിച്ചപ്പോൾ ജില്ല ഹോഴ്‌സ് റൈഡേഴ്‌സ് എന്ന സംഘടന കുതിരയോട്ടം ഇത്രയും പുലിവാലാകുമെന്ന് കരുതിയിട്ടേയുണ്ടാകില്ല. മലപ്പുറം കൂട്ടിയങ്ങാടി എം.എസ്.പി മൈതാനിയിൽ നടന്ന ജില്ലാ ഹോഴ്‌സ് റൈഡേഴ്‌സിന്റെ കുതിരയോട്ട മത്സരം കാണാൻ കൊവിഡ് മാനദണ്ഡമൊക്കെ ലംഘിച്ച് വൻ തിരക്കായിരുന്നു. അൻപതോളം കുതിരകൾ അണി നിരന്ന കുതിരയോട്ട മത്സരത്തിൽ ഓരോ കുതിരയും പായുമ്പോൾ ജനക്കൂട്ടം ആർത്തിരമ്പി. ഇതോടെ ബഹളം കാരണം കുതിരകൾക്കും പ്രയാസമായി. സംഗതി കൈവിട്ടതോടെ സംഘാടകരായ അഞ്ചുപേർക്കും കണ്ടാലറിയുന്ന ഇരുനൂറോളം പേർക്കുമെതിരെ പൊലീസ് കേസെടുത്തു.
400 മീറ്റർ ദൂരം 29.57 സെക്കന്റ് സമയം കൊണ്ട് ഓടിയെത്തിയ കോട്ടയ്‌ക്കൽ ഹംസക്കുട്ടിയുടെ എയ്‌ഞ്ചൽ കുതിരയാണ് ഒന്നാമത്. ഓട്ടമത്സരത്തിന് ശേഷം നടക്കേണ്ട കുതിരകളുടെ സൗന്ദര്യമത്സരം ബഹളം മൂലം റദ്ദാക്കേണ്ടി വന്നു.