
ഭോപ്പാൽ: സർക്കാർ ഓഫീസ് ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രമേ ഉപയോഗിക്കാവൂയെന്ന് ഉത്തവിട്ട് മദ്ധ്യപ്രദേശ് പൊതുഭരണ വകുപ്പ്. രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന ഫിനോയിലിന് പകരം സർക്കാർ ഓഫീസുകൾ ഗോമൂത്രത്തിൽ നിന്ന് നിർമിക്കുന്ന ഫിനോയിൽ ഉപയോഗിക്കണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശർമ ഇറക്കിയ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ഗോക്കളുടെ സംരക്ഷണം, പശുവളർത്തൽ, ഗോമൂത്ര ബോട്ട്ലിംഗ് പ്ലാന്റുകൾ, ഗോമൂത്ര ഫിനോയിൽ നിർമാണ ഫാക്ടറികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേംസിംഗ് പട്ടേൽ പറഞ്ഞു. ഗോമൂത്രത്തിൽ നിന്നുള്ള ഫിനോയിൽ ഉപയോഗിക്കണമെന്ന തീരുമാനം 2020 നവംബറിൽ ചേർന്ന 'പശു മന്ത്രിസഭ' എടുത്തിരുന്നു. അതേസമയം, ഫിനോയിൽ നിർമിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കന്നുകാലി ഉൽപന്നങ്ങളെപ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികൾ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഇനി ആവശ്യമായ ഫിനോയിൽ നിർമിക്കാനുള്ള ജോലി ഉത്തരാഖണ്ഡിലെ സ്വകാര്യ കമ്പനിക്ക് ലഭിക്കും''- കോൺഗ്രസ് എം.എൽ.എ കുനാൽ ചൗധരി പറഞ്ഞു. എന്നാൽ ഇത് കോൺഗ്രസുകാരുടെ തെറ്റായ ചിന്തയാണെന്ന് ബി.ജെ.പി വക്താവ് രാഹുൽ കോത്താരി പറഞ്ഞു. ആവശ്യം ഇല്ലാതെ ആരെങ്കിലും ഫാക്ടറി സ്ഥാപിക്കാൻ താൽപര്യമെടുക്കുമോ? സംസ്ഥാന സർക്കാർ മികച്ച തീരുമാനമാണ് എടുത്തത്. മറ്റുള്ള സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്'' കോത്താരി പറഞ്ഞു.