
ന്യൂഡൽഹി:ബഡ്ജറ്റിൽ ആദായനികുതി സ്ളാബുകളിൽ മാറ്റം വരുത്തുകയോ നികുതി ഇളവ് നൽകുകയോ ചെയ്തില്ല. കൊവിഡ് പശ്ചാത്തലത്തിൽ, ജനങ്ങളുടെ ക്രയവിക്രയശേഷി വർദ്ധിപ്പിക്കാനും ഉപഭോക്തൃവിപണിക്ക് ഉണർവേകാനും നികുതി ഇളവുകൾ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. 75 വയസുമുതലുള്ളവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട. ബാങ്ക് അവരുടെ നികുതി പിടിച്ചുകൊള്ളും.
'അഫോർഡബിൾ" ഭവനം
ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള ഭവന വായ്പയുടെ പലിശയിൽ നിലവിൽ രണ്ടുലക്ഷം രൂപയുടെ ഇളവുണ്ട്. ഇതിനുപുറമേ കേന്ദ്രം 1.50 ലക്ഷം രൂപയുടെ അധിക ഇളവും പ്രഖ്യാപിച്ചിരുന്നു. ഈവർഷം മാർച്ച് 31നകം എടുക്കുന്ന വായ്പകൾക്കായിരുന്നു ഇത് ബാധകം. 2022 മാർച്ച് 31 വരെയുള്ള വായ്പകൾക്കും ഇനി അധിക ഇളവ് നേടാം.
 നികുതിക്കേസുകൾ
ഉടൻ തീർക്കാം
കാലങ്ങളോളം നീളുന്ന നികുതിത്തർക്കങ്ങൾ പരിഹരിക്കാൻ 'ഡിസ്പ്യൂട്ട് റെസൊല്യൂഷൻ കമ്മിറ്റി"യെ നിയമിക്കുമെന്ന പ്രഖ്യാപനം ശ്രദ്ധേയം. 50 ലക്ഷം രൂപവരെ നികുതി വരുമാനമുള്ളവരും 10 ലക്ഷം രൂപവരെ നികുതിത്തർക്കമുള്ളവരുമാണ് സമിതിയെ സമീപിക്കേണ്ടത്.
അസസ്മെന്റ് കേസുകൾ പുനരാരംഭിക്കേണ്ട കാലാവധി ആറുവർഷവും ഗുരുതര കേസുകളുടേത് 10 വർഷവുമായിരുന്നു. ഇത് മൂന്നുവർഷമാക്കി. ഗുരുതര കേസുകൾ 50 ലക്ഷം രൂപയ്ക്കുമേൽ ആണെങ്കിൽ മാത്രം ഇനി 10 വർഷ പരിധി ബാധകം.
ഫേസ്ലെസ് അസെസ്മെന്റ്
ആദായനികുതി കേസുകൾ ഇനി നികുതിദായകനും ട്രൈബ്യൂണലും പരസ്പരം കാണാതെ, തീർക്കാം. വിവര കൈമാറ്റവും ഇടപാടുകളും ഇലക്ട്രോണിക്ക് ആയിരിക്കും. ഇതിനായി ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഫേസ്ലെസ് ആക്കും. നികുതിദായകൻ ഹാജരാകേണ്ട കേസുകളിൽ, വീഡിയോ കോൺഫറൻസിംഗ് ആവാം.