
കുമരകം: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പാത്രമായ കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് മോട്ടോർ ഘടിപ്പിച്ച വളളം സമ്മാനമായി നൽകാൻ ബോബി ചെമ്മണ്ണൂർ നൽകും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് ബോബി ചെമ്മണ്ണൂർ ഇക്കാര്യം അറിയിച്ചത്.
ജന്മനാ പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി വേമ്പനാട്ട് കായലിലെയും സമീപ ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ തോണിയിൽ ശേഖരിച്ച് ഉപജീവനം നടത്തുകയാണ് രാജപ്പൻ. സ്വന്തമായി വളളം പോലുമില്ലാത്ത രാജപ്പന്റെ പ്രവർത്തിയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി അഭിമാനപൂർവ്വം പരാമർശിച്ചിരുന്നു. നാട്ടുകാർ വാങ്ങി നൽകിയ വളളത്തിലാണ് ഇപ്പോൾ രാജപ്പൻ മാലിന്യങ്ങൾ ശേഖരിക്കുന്നത്.
ഓർമ്മവയ്‌ക്കും മുൻപേ മാതാപിതാക്കൾ നഷ്ടപ്പെട്ട, പ്രാഥമിക വിദ്യാഭ്യാസംപോലും ഇല്ലാത്ത രാജപ്പൻ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം രാജപ്പൻ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കൾ അടുത്ത വീട്ടിൽ കൊണ്ടുപോയാണ് വാർത്ത കാണിച്ചത്. പ്രധാനമന്ത്രിയെ നേരിൽ കാണണമെന്നതാണ് രാജപ്പന്റെ ഇനിയുള്ള ആഗ്രഹം.
നന്ദു എന്ന ചെറുപ്പക്കാരൻ കൗതുകത്തിന് പകർത്തിയ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് രാജപ്പന്റെ ജീവിതം പുറംലോകം അറിയുന്നത്. കൊച്ചുവളളത്തിൽ പുലർച്ചെ പ്ലാസ്റ്റിക് ശേഖരിക്കാൻ തുടങ്ങുന്ന രാജപ്പൻ, പലപ്പോഴും ഏതെങ്കിലും പാലത്തിന്റെ കീഴിൽ വള്ളത്തിൽ തന്നെയാവും അന്തിയുറങ്ങുക. ഈ തൊഴിൽ തുടങ്ങിയിട്ട് 15 വർഷമായി. ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വർദ്ധിക്കുന്നത് ജനങ്ങളുടെ അറിവില്ലായ്മ മൂലമാണ്. കഷ്ടപ്പെട്ടു പെറുക്കി കൂട്ടിയ കുപ്പികൾ ആക്രി കച്ചവടക്കാർ വിലതരാതെ വാങ്ങിക്കൊണ്ടുപോയി പല തവണ കബളിപ്പിച്ചിട്ടുണ്ടെന്നും രാജപ്പൻ പറയുന്നു. ആർപ്പൂക്കര നടുലക്കരയിൽ സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകനാണ് രാജപ്പൻ. ജീവിതത്തിലേറെ സമയവും വെള്ളത്തിലും വള്ളത്തിലും കഴിയുന്ന രാജപ്പന് കാലുകൾക്ക് ചലനശേഷി ഇല്ലാത്തതിനാൽ നീന്തൽ വശമില്ല.